Sorry, you need to enable JavaScript to visit this website.

ചേച്ചി എന്റെ പേരു വിളിച്ചു, കണ്ണ് നിറഞ്ഞൊഴുകി; കനകലതെ കാണാനെത്തി അനീഷ് രവി

കൊച്ചി- പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നടി കനകാലത ഇപ്പോള്‍ മറവിരോഗം ബാധിച്ച് കഴിയുകയാണ്. അവരെ  വീട്ടിലെത്തി സന്ദര്‍ശിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് നടന്‍ അനീഷ് രവി.
കനകലത ചേച്ചി തന്നെ തിരിച്ചറിഞ്ഞുവെന്നും എത്രയോ ഇടങ്ങളില്‍ തനിക്ക് അവവസരം നേടിത്തന്ന ആളാണ് ചേച്ചിയെന്നും അനീഷ് സമൂഹ മാധ്യമത്തില്‍ നല്‍കിയ കുറിപ്പില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അനീഷ് രവിയുടെ കുറിപ്പ് വായിക്കാം

ഇനി രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പൊറ്റയിലേയ്ക്ക് (മങ്കാട്ടു കടവിന് സമീപം ) അവിടെ കനകം എന്ന വീട്ടിലേയ്ക്ക് .. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍ എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട് ..!
പരസ്പരം കാണുമ്‌ബോ ഒന്നും പറയാതെ തന്നെ കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്‌നേഹ ജലം അലിഞ്ഞിറങ്ങുന്നത് ഇന്നലെ ഞാന്‍ കണ്ടു . ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത്
പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്‌ക്കൊരു തിരിഞ്ഞു പോക്ക് എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു അ നീ ..ശ് ഷ്

എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേര്‍ന്ന് പിടിച്ചെഴുന്നേല്പിച്ചു പുറത്തു കൊണ്ട് വന്നിരുത്തി കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു. നിശബ്ദ മായ കുറെ നിമിഷങ്ങള്‍ രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍ ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി.കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല.

ഒന്നും പറയാതെ മിണ്ടാതിരിയ്ക്കുമ്പോഴും എന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരിന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്, സ്‌റ്റേജില്‍ ഡാന്‍സ് കളിയ്ക്കുന്നത്, സ്‌കിറ്റ് കളിയ്ക്കുന്നതൊക്കെ കൈരളി കലാമന്ദിര്‍ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനക ലത ചേച്ചിയും.
അന്ന് പാപ്പനം കോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം, സായിചേട്ടനും (സായ്കുമാര്‍ )കല്പനച്ചേച്ചിയും തുടങ്ങി പത്തിരുപതോളം പേര്‍ എത്ര എത്ര യാത്രകള്‍ വേദികള്‍ .
ഓര്‍മ്മകള്‍ തിരികെ എത്തുമ്പോ വന്ന നേരം മുതല്‍ ചേച്ചി ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. എങ്ങനെയാ വന്നേ..
ഞാന്‍ വീണ്ടും പറഞ്ഞു കാറില്‍.
ഇടക്കിടയ്ക്ക് പരിശ്രമിച്ചുയര്‍ത്തിയ കൈ കൊണ്ട് എന്റെ കവിളില്‍ തൊട്ട് ഉമ്മ വയ്ക്കും. എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനില്‍ വന്നു മാഞ്ഞ് പോയെങ്കിലും മനസില്‍ മായാതെ നില്‍ക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു ..അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്.
എത്രയോ ഇടങ്ങളില്‍ എനിയ്ക്കവസരം നേടിത്തന്ന ആളാണ്.
വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും
എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.

 

Latest News