ന്യൂദല്‍ഹി- ലൈംഗികപീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് എല്ലാ പദവികളില്‍നിന്നും രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍. ദല്‍ഹി പോലീസിന്റെ തീരുമാനം സമരത്തിന്റെ ആദ്യവിജയമാണ്. എന്നിരുന്നാലും ദല്‍ഹി പോലീസിനെ താരങ്ങള്‍ക്ക് വിശ്വാസമില്ല. ബി.ജെ.പി നേതാവിനെതിരെ വളരെ ദുര്‍ബലമായ കേസെടുക്കാനുള്ള സാധ്യതയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
താരങ്ങളുടെ ലൈംഗികപീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ കേസെടുക്കാമെന്ന് ദല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്ന. ബ്രിജ് ഭൂഷണെതിരെ 40 കേസുകളുണ്ടെന്ന് ഗുസ്തി താരങ്ങള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത താരത്തിന് സുരക്ഷ നല്കാന് കോടതി നിര്‍ദേശം നല്കി.
ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷനെതിരായ ലൈംഗിക പരാതികളില്‍ പോലീസ് നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ ജന്തര്‍ മന്തറിലെ സമരം ആറാം ദിവസവും തുടരുകയാണ്.
ഇതുവരെ മൗനം പാലിച്ച ഒളിംപിക് അസോസിയേഷന് അധ്യക്ഷ പി.ടി ഉഷ ഇന്നലെ താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു എന്ന രൂക്ഷ വിമര്‍ശനമുന്നയിച്ചത് വിവാദമായി. മാധ്യമങ്ങളെ വിളിച്ച് സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് കരഞ്ഞ പി ടി ഉഷയാണ് ലൈംഗിക ആരോപണമുന്നയിച്ച് പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്നതെന്ന് താരങ്ങള്‍ മറുപടി നല്കി.
കായികതാരങ്ങളും പ്രതിപക്ഷ നേതാക്കളും പി ടി ഉഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അവകാശങ്ങള്‍ക്കായുള്ള പോരാട്ടം രാജ്യത്തിന്റെ പ്രതിച്ഛായ തകര്ക്കുന്നതല്ലെന്നു പി.ടി ഉഷ മനസ്സിലാക്കണമെന്ന് ശശിതരൂര്‍ ട്വീറ്റ് ചെയ്തു. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, മഹിള അസോസിയേഷന് അധ്യക്ഷ പി കെ ശ്രീമതി, മഹിള കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ, സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ തുടങ്ങിയവരും വിമര്‍ശനമുന്നയിച്ചു. സമരത്തെ പിന്തുണച്ച് ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയും രംഗത്തെത്തി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)