- മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം മുംബൈയിലേക്ക് കൊണ്ടുപോകും
മുംബൈ / ന്യൂദൽഹി - മുതിർന്ന നടനും ചലച്ചിത്ര നിർമാതാവുമായ സതീഷ് കൗശിക് (66) അന്തരിച്ചു. വാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടനും അദ്ദേഹത്തിന്റെ സുഹൃത്തുമായ അനുപം ഖേർ ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്.
ഗുരുഗ്രാമിൽ ഒരാളെ സന്ദർശിക്കാനെത്തിയ കൗശികിനെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം മുംബൈയിലേക്ക് കൊണ്ടുപോകും. ഹാസ്യനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, സിനിമാനടൻ, നാടക നടൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു സതീഷ് കൗശിക്. ബോളിവുഡിൽ ഇടം കണ്ടെത്തുന്നതിന് മുമ്പ് അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു. ഭാര്യക്കും മകൾക്കും ഒപ്പമായിരുന്നു താമസം.
നടൻ എന്ന നിലയിൽ, സതീഷ് കൗശിക് 1987ലെ സൂപ്പർഹീറോ ചിത്രമായ മിസ്റ്റർ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്‌നിലെ (2007) ചാനു അഹമ്മദായും എത്തി പ്രേക്ഷക ഹൃദയം കവർന്നിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കുന്ദൻ ഷായുടെ കോമഡി ക്ലാസിക് ജാനേ ഭി ദോ യാരോണിന്(1983) അദ്ദേഹം സംഭാഷണങ്ങൾ എഴുതി. 1989ൽ ശേഖർ കപൂറിന്റെ മിസ്റ്റർ ഇന്ത്യ എന്ന ഹിറ്റ് ചിത്രത്തിലെ 'കലണ്ടർ' എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി. അതിൽ ശ്രീദേവി, അനിൽ കപൂർ, അംറുഷ് പുരി എന്നിവർക്കൊപ്പം മറക്കാനാവാത്ത ഒരു വേഷം ചെയ്തു. 1990-ൽ രാം ലഖൻ, 1997ൽ സാജൻ ചലെ സസുരൽ ചിത്രങ്ങളിലൂടെ രണ്ടുതവണ ഫിലിം ഫെയറിന്റെ മികച്ച ഹാസ്യനടനുള്ള അവാർഡ് നേടി.
2003ൽ സൽമാൻ ഖാനും ഭൂമിക ചൗളയും അഭിനയിച്ച തേരേ നാം എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായി. ഹരിയാന ഫിലിം പ്രൊമോഷൻ ബോർഡ് ചെയർമാനായും എഫ്ടിഐഐ സൊസൈറ്റി വൈസ് പ്രസിഡന്റായും കൗശിക് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1956 ഏപ്രിൽ 13ന് ഹരിയാനയിലെ മഹേന്ദ്രഗഡിൽ ജനിച്ച സതീഷ് 1972-ൽ ഡൽഹിയിലെ കിരോരി മാൽ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ന്യൂദൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെയും പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും പൂർവ്വ വിദ്യാർത്ഥി കൂടിയാണ് കൗശിക്.
'മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണെന്ന് എനിക്കറിയാം! പക്ഷെ എന്നെങ്കിലും എന്റെ ഉറ്റസുഹൃത്തിനെ കുറിച്ച് ഞാനിത് എഴുതുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ്!! നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്!'- അനുപം ഖേർ ട്വീറ്റ് ചെയ്തു.
മരണത്തിന് രണ്ടുദിവസം മുമ്പ്, കൗശിക് ഹോളി ആഘോഷങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും അനുപം ഖേറിന് ജന്മദിനാശംസ നേരുകയും ചെയ്തിരുന്നു.
ജനുവരിയിൽ, ഒരു ജിമ്മിൽ ജോലി ചെയ്യുന്നതിന്റെ ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അതിൽ അദ്ദേഹം എഴുതി 'എനിക്കറിയാം കഠിനാധ്വാനം പ്രതിഫലം നൽകുമെന്ന്.. സ്വയം സ്‌നേഹിക്കുക എന്നതാണ് ഈ വർഷത്തെ പ്രചോദനം'.