Sorry, you need to enable JavaScript to visit this website.

ഇ.പിയെ തള്ളാതെ പാർട്ടി; 'ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ തിരിച്ചറിയാൻ പ്രയാസമെന്ന്' എം.വി ഗോവിന്ദൻ

കൊച്ചി - പെൺകുട്ടികൾ പാന്റും ഷർട്ടും ധരിച്ച് ആൺകുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്ന സി.പി.എം നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജന്റെ പരാമർശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദൻ മാസ്റ്റർ. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പോലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ ബിൻ ലാദൻ പരാമർശത്തിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനോട് കാര്യങ്ങൾ തിരക്കിയെന്നും പറഞ്ഞു. ഇത് വംശീയ പരാമർശമല്ല. പ്രസംഗത്തിനിടയിൽ പറഞ്ഞുപോയതാണ്. എന്തായാലും പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 സോഷ്യൽ മീഡിയയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ പാർട്ടിക്ക് ബന്ധമില്ല. സൈബർ ആക്രമണങ്ങൾക്ക് പിന്തുണയില്ലെന്നും പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
 പെൺകുട്ടികൾ പാന്റും ഷർട്ടും ധരിച്ച് ആൺകുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെയായി ഇ.പി ജയരാജൻ പറഞ്ഞത്. പുരുഷന്മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും ഇ.പി ചോദിച്ചിരുന്നു. ഇത് സി.പി.എം ഉയർത്തുന്ന ജെൻഡർ ന്യൂട്രാലിറ്റിക്ക് എതിരാണെന്ന് വിമർശം ഉയരുന്നതിനിടെയാണ് ഇ.പിയുടെ വാദങ്ങളെ തള്ളാതെ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
 

Latest News