മാൽകാങ്കിരി (ഒഡീഷ) - പരീക്ഷാ സെന്ററിലേക്ക് കുഞ്ഞിനെ നോക്കാൻ എത്താമെന്നു പറഞ്ഞ കുടുംബാംഗങ്ങൾ എത്താത്തതിനെ തുടർന്ന് പരീക്ഷ എഴുതാനാവാതെ മടങ്ങാൻ ശ്രമിച്ച യുവവനിതാ ഉദ്യോഗാർത്ഥിക്ക് പ്രതിസന്ധിയിൽ കരുത്തു പകർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ. ഒഡീഷയിൽ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ നടന്ന മാൽകാങ്കിരി കോളേജിലാണ് സംഭവം.
കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളായ ബാസന്തി ചൗധരി, ഉദ്യോഗാർത്ഥിയുടെ കുഞ്ഞിനെ സ്വയം ഏറ്റെടുത്ത് പരിചരിക്കുകയായിരുന്നു. 22-കാരിയായ ചഞ്ചല മാലികിന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയാണ് ഇവർ പരീക്ഷ കഴിയുംവരേ സംരക്ഷണം ഒരുക്കി, കണ്ടുനിന്നവരുടെയെല്ലാം കണ്ണിനും മനസ്സിനും കുളിർമ പകർന്ന് എല്ലാവരുടെയും നിറഞ്ഞ കയ്യടി നേടിയത്.
രാവിലെ 9.20-ഓടെയാണ് യുവതി ചഞ്ചൽ കുഞ്ഞുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. കുഞ്ഞിനെ നോക്കാൻ ചഞ്ചൽ അവരുടെ അമ്മയോടും ഭർതൃ മാതാവിനോടും പരീക്ഷാ കേന്ദ്രത്തിലെത്താൻ പറഞ്ഞിരുന്നു. ഇരുവരും വരാമെന്നു പറഞ്ഞെങ്കിലും എത്തിയില്ല. പരീക്ഷാസമയം അടുത്തിട്ടും ആരേയും കാണാതെ വന്നതോടെ സങ്കടത്തോടെ പരീക്ഷ ഉപേക്ഷിച്ച് പരീക്ഷാ സെന്ററിൽനിന്ന് മടങ്ങാനായിരുന്നു ഉദ്യോഗാർത്ഥിയുടെ ശ്രമം. അതിനിടെ, കുട്ടി കരച്ചിലും തുടങ്ങി. തുടർന്ന് പരീക്ഷ എഴുതാനാകില്ലെന്ന് തീർച്ചപ്പെടുത്തി യുവതി വീട്ടിലേക്ക് തിരിക്കാൻ ശ്രമിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആ സമയത്താണ് പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബ്ൾ ബാസന്തി ചൗധരിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുന്നത്. അവർ ഉടനെ ഉദ്യോഗാർത്ഥിയെ സമീപിച്ച് സാഹചര്യത്തിന്റെ തേട്ടം മനസ്സിലാക്കി, കുഞ്ഞിന്റെ പരിചരണം സ്വയം ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് യുവതി കുഞ്ഞിനെ വനിതാ പോലീസിനെ ഏൽപ്പിച്ച് സന്തോഷത്തോടെ പരീക്ഷ എഴുതാൻ പോയി. തുടർന്ന് കുഞ്ഞിനെ എടുത്തു നടന്നും ഇടയ്ക്കിടെ കുഞ്ഞിനു ആവശ്യമായ പോഷകങ്ങൾ അടക്കം നൽകി വനിതാ പോലീസ് കുഞ്ഞിന്റെ പോറ്റമ്മയായി. പരീക്ഷ കഴിയുംവരെ യാതൊരു മടുപ്പുമില്ലാതെ വളരെ സന്തോഷപൂർവ്വം അവർ കുഞ്ഞിനെ നോക്കുകയും ശേഷം കുഞ്ഞിനെ യുവതിക്ക് കൈമാറുകയുമായിരുന്നു.