Sorry, you need to enable JavaScript to visit this website.

താരീഖ് അൻവർ വിളിച്ച യോഗം ബഹിഷ്‌കരിച്ച് വി.ഡി സതീശൻ; കേരളത്തിന്റെ പട്ടിക അംഗീകരിച്ചിട്ടില്ലെന്ന് എ.ഐ.സി.സി

റായ്പൂർ / ന്യൂദൽഹി - റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ കേരളത്തിലെ കോൺഗ്രസ് പട്ടിക സംബന്ധിച്ച തർക്കങ്ങളിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി താരീഖ് അൻവർ വിളിച്ച യോഗം അസൗകര്യം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിട്ടുനിന്നതായി വിവരം. ഇതേ തുടർന്ന് യോഗം ചേർന്നില്ലെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം പാർട്ടിയിൽനിന്നോ പ്രതിപക്ഷ നേതാവിൽനിന്നോ ഉണ്ടായിട്ടില്ല.
 പ്ലീനറി ക്ഷണിതാക്കളുടെ തർക്കം പരിഹരിക്കാനാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള താരിഖ് അൻവർ യോഗം വിളിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാൽ യോഗം മാറ്റിവെക്കുകയായിരുന്നു. പ്ലീനറി പട്ടികയുമായി ബന്ധപ്പെട്ട് നടന്ന തർക്കം പരിഹരിക്കാൻ പ്ലീനറി സെഷൻ കഴിഞ്ഞ് ഇന്നലെ രാത്രിയാണ് താരിഖ് അൻവ്വർ യോഗം വിളിച്ചത്. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി സതീശൻ യോഗത്തിൽ പങ്കെടുക്കാതെ ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഇതിൽ താരീഖ് അൻവർ നീരസത്തിലാണെന്നാണ് റിപ്പോർട്ട്. 
 ആരോഗ്യപരമായ കാരണത്താലാണ് അസൗകര്യം അറിയിച്ചതെന്ന് പറയുമ്പോഴും യോഗം നടക്കാതിരിക്കാനാണ് സതീശൻ പങ്കെടുക്കാതിരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പ്ലീനറി ക്ഷണിതാക്കളുടെ പട്ടികയെച്ചൊല്ലി  കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ എ, ഐ ഗ്രൂപ്പുകൾ റായ്പൂരിൽ രംഗത്തുവന്നിരുന്നു. 60 പേരുള്ള ലിസ്റ്റിൽ കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്ന് പ്ലീനറി വേദിയിൽ രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന കോൺഗ്രസിൽ കൂടിയാലോചനകൾ ഇല്ലെന്നും പ്ലീനറി ക്ഷണിതാക്കളുടെ പട്ടികയിൽ അതൃപ്തിയുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എ ഗ്രൂപ്പും തൊട്ടുപിന്നാലെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും ഇതിനെ ശരിവെക്കുന്ന വാദങ്ങളുമായി രംഗത്തെത്തി. അതിനിടെ, പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്ന സതീശന്റെ പ്രതികരണം ചിലർക്കെങ്കിലും പ്രകോപനമായെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഞങ്ങളുടെ ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നത് അവസാനിപ്പിച്ച് ന്യായമായ നടപടി ഉണ്ടാകണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് താരീഖ് അൻവർ ഇന്നലെ രാത്രി തന്നെ അടിയന്തര യോഗം വിളിച്ചത്. അതിനിടെ, കെ.പി.സി.സി അംഗങ്ങളുടെ പ്രഖ്യാപനത്തിൽ കേരളത്തിൽനിന്നയച്ച പട്ടിക അംഗീകരിച്ചിട്ടില്ലെന്ന്  എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനഘടകം നല്കിയ പട്ടികയിലുള്ളവരെ പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സമ്മേളനത്തിൽ പങ്കെടുത്തു എന്നതുകൊണ്ട് മാത്രം പട്ടിക അന്തിമമായെന്നോ അംഗീകരിക്കപ്പെട്ടതായോ അർത്ഥമാക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം പറയുന്നു.
 ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും എന്നാൽ ലഭ്യമായ പട്ടിക  റദ്ദാക്കണമെന്ന ആവശ്യം പ്രസക്തമല്ലെന്നും ദേശീയ നേതൃത്വം അറിയിച്ചു.
എ.ഐ.സി.സിയിലേക്ക് കെ സുധാകരനും വി.ഡി സതീശനും സമർപ്പിച്ച കേരള പട്ടിക പുനഃപ്പരിശോധിച്ചശേഷം അന്തിമമാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം.

Latest News