കണ്ണൂർ - ക്വട്ടേഷൻ സംഘങ്ങളെയൊന്നും പാർട്ടി നവമാധ്യമ പ്രചാരണത്തിന് ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തലയിൽ ചുവപ്പു കെട്ടിയാൽ മനസ് ചുവക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശുഹൈബ് വധക്കേസിലെ പ്രതിയും സി.പി.എം സൈബർ പോരാളികളിൽ ഒരാളുമായ ആകാശ് തില്ലങ്കേരിയുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം തില്ലങ്കേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷൻ-മാഫിയാ സംഘങ്ങളെ തുറന്നുകാട്ടാൻ പാർട്ടിക്ക് യാതൊരു മടിയുമില്ല. സ്വർണക്കടത്ത്, ക്വട്ടേഷൻ, മാഫിയാ സംഘങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ കള്ളപ്രചാരണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. സമ്പത്ത് കൊണ്ട് എന്തും പിടിച്ചെടുക്കാമെന്ന ഹുങ്ക് നാട് ഒരുമിച്ചു നേരിടും. ക്വട്ടേഷൻ സംഘങ്ങൾ സ്വർണവും ഹവാലയുമൊക്കെ കടന്ന് ലഹരിക്കടത്തിലൂടെയാണിപ്പോൾ പണമുണ്ടാക്കുന്നത്. ഇരട്ടി ലാഭമാണിതിൽ. പണത്തോടുള്ള ആർത്തി മാത്രമാണ് ഇവരെ നയിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പണമുണ്ടാക്കാൻ ഇത്തരക്കാർ എന്തും ചെയ്യും. തെറ്റായ വഴിയിലൂടെയുണ്ടാക്കുന്ന പണത്തിൽ ഒരു പങ്ക് ധനസഹായമായും മറ്റും കൊടുക്കും. ഇതുകൊണ്ടൊന്നും ദുഷ്‌ചെയ്തികൾക്ക് സാധൂകരണമാകില്ല. അവിഹിതമാർഗത്തിലൂടെ ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റിയാൽ ഇന്നല്ലെങ്കിൽ നാളെ സമൂഹം ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. ഭീഷണിക്കുമുന്നിൽ മുട്ടുമടക്കാൻ മനസ്സില്ലെന്ന് നാട് ഒറ്റക്കെട്ടായി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്വട്ടേഷൻ രാഷ്ട്രീയപ്രവർത്തനമല്ല. ക്വട്ടേഷനെതിരെ ജനങ്ങളെ അണിനിരത്തുക എന്നതാണ് സി.പി.എം സമീപനം. ക്വട്ടേഷനെ സി.പി.എം എതിർക്കുന്നതുപോലെ മറ്റൊരു പാർട്ടിയും എതിർക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.