കണ്ണൂർ - കണ്ണൂർ - സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പാർട്ടിയുടെ സൈബർ പോരാളികളിൽ ഒരാളായ ആകാശ് തില്ലങ്കേരി വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കി കോൺഗ്രസ് തില്ലങ്കേരിയിൽ ഇടപെടുകയാണ്. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌കോൺഗ്രസ് പ്രവർത്തകനായ ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കേസിലെ പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം തില്ലങ്കേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു പി ജയരാജൻ.
തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സി.പി.എം പ്രവർത്തകരും നേതാക്കളുമാണ്. തില്ലങ്കേരിയെ പറ്റി ബൈറ്റ് വേണമെന്ന് പറഞ്ഞ് പല മാധ്യമങ്ങളും തന്നെ സമീപിച്ചു. 525 പാർട്ടി മെമ്പർമാരുണ്ട് ഇവിടെ. അവരാണ് പാർട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. സി.പി.എമ്മിനെ എങ്ങനെ തകർക്കാമെന്നാണ് മാധ്യമങ്ങൾ ആലോചിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ വേറെ എങ്ങോട്ടാണ് താൻ പോകേണ്ടത്?
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എടയന്നൂർ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും പാർട്ടി പുറത്താക്കിയതാണ്. സംഭവത്തെ പാർട്ടി തള്ളി പറഞ്ഞതാണ്. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. ഞാൻ ജില്ല സെക്രട്ടറി ആയപ്പോൾ ആകാശിനെ പുറത്താക്കി. പാർട്ടിക്ക് അംഗീകരിക്കാനാകാത്ത കേസുകളിൽ പെട്ടതിനെത്തുടർന്നാണ് ഇയാളെ പുറത്താക്കിയത്. അന്ന് ക്വട്ടേഷൻ സംഘങ്ങളുടെ പേരുവിവരം തന്നെ പാർട്ടി പരസ്യമായി പറഞ്ഞിരുന്നു. ഇത്തരക്കാരുടെ ഒരു സഹായവും പാർട്ടിക്ക് ആവശ്യമില്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. പലവഴിക്ക് സഞ്ചരിക്കുമെന്നാണ് ഇവരുടെ സമൂഹമാധ്യമത്തിലെ ഭീഷണി. പലവഴിക്ക് സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് രാജിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴിക്കു പോകാം. പാർട്ടിക്ക് പാർട്ടിയുടെ വഴിയുണ്ട്. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നും പി ജയരാജൻ പറഞ്ഞു.
തില്ലങ്കേരിയിൽ എന്തോ കുഴപ്പമുണ്ടെന്ന് തെറ്റിദ്ധാരണ പരത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. സിപിഎമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചപ്പോൾ വലതുപക്ഷ ശക്തികൾ സർ്ക്കാരിനെയും സി.പി.എമ്മിനെയും അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഇവിടുത്തെ ആദ്യ കാല കമ്മ്യൂണിസ്റ്റുകൾ ഒരു ക്വട്ടേഷന്റെയും പിന്നാലെ പോയവരല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്ട്രമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ദൈവിക രാഷ്ട്രമാണ്. എന്നുവെച്ചാൽ ഇസ്‌ലാമിക രാഷ്ട്രം. ഇവർ തമ്മിൽ രഹസ്യ ആലോചന നടത്തി. കീഴടങ്ങലിന്റെ നാനാവിധത്തിലുള്ള പ്രകടനമാണിത്. ആർ.എസ്.എസ് രൂപീകരിച്ചിട്ട് 100 വർഷം തികയാൻ പോവുകയാണ് 2025ൽ. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് അവരുടെ ശ്രമമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.