Sorry, you need to enable JavaScript to visit this website.

സൂമിന്റെ കാലം കഴിയുന്നു; 1300 ജീവനക്കാരെ പിരിച്ചുവിടുന്നു

കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞതോടെ സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനങ്ങളുടെ ആവശ്യം മന്ദഗതിയിലായി. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ 1300 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് കമ്പനി അറിയിച്ചു. പിരിച്ചുവിടല്‍ 15 ശതമാനം തൊഴിലാളികളെയാണ് ബാധിക്കുക. വരുന്ന സാമ്പത്തിക വര്‍ഷത്തേക്ക് തന്റെ ശമ്പളം 98 ശതമാനം വെട്ടിക്കുറക്കുമെന്നും ബോണസ് ഉപേക്ഷിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എറിക് യുവാന്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഞങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തിയെങ്കിലും കമ്പനി സുസ്ഥിരമായി വളരുന്നുണ്ടോ എന്ന് വിലയിരുത്താന്‍ ശ്രദ്ധിച്ചില്ല.  സ്വന്തം ടീമുകളെ സമഗ്രമായി വിശകലനം ചെയ്യാനോ ഉയര്‍ന്ന മുന്‍ഗണനകളിലേക്ക് ടീമിനെ നയിക്കാനോ കഴിഞ്ഞില്ല. ഇത് തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ടെക്‌നോളജി ഷെയറുകളുടെ തകര്‍ച്ചയ്ക്കിടയില്‍ സൂമിന്റെ വിലയും ഗണ്യമായി ഇടിഞ്ഞു. തൊഴിലാളികളെ പിരിച്ചുവിട്ട് ലാഭിക്കുന്ന തുക കൂടുതലായി വികസനത്തിന് ചെലവഴിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളുകളുടെ ജനപ്രീതിയില്‍ ലോക്ഡൗണ്‍ സമയത്ത് ഏറ്റവും പ്രശസ്തമായി മാറിയ കമ്പനിയുടെ വരുമാന വളര്‍ച്ച വളരെ മന്ദഗതിയിലാണ്.
വരുമാനത്തില്‍ നാലിരട്ടിയിലധികം കുതിച്ചുചാട്ടത്തിനും 2021ല്‍ ലാഭത്തില്‍ ഒമ്പത് മടങ്ങ് വര്‍ധനയ്ക്കും ശേഷം 2022 സാമ്പത്തിക വര്‍ഷത്തില്‍ സൂമിന്റെ വരുമാനത്തില്‍ വെറും 6.7 ശതമാനം വര്‍ധന മാത്രമാണ് പ്രതീക്ഷിക്കുന്നത്.  
വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി മഹാമാരി സമയത്ത് സൂം നിയമനം വര്‍ദ്ധിപ്പിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ചെലവ് നിയന്ത്രിക്കുന്നതില്‍ സൂമും യുഎസ് കമ്പനികളോടൊപ്പം ചേരുകയാണ്.  പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും നടപ്പു വര്‍ഷത്തേക്കുള്ള ബോണസും ലഭിക്കുമെന്ന് യുവാന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News