Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യാ വിമാനമെന്താ ശുചിമുറിയോ

മുംബൈ- മദ്യ ലഹരിയില്‍ മൂത്രശങ്ക തീര്‍ക്കാന്‍ സഹയാത്രികമാരുടെ ദേഹത്തേക്കും പുതപ്പിലേക്കും അതങ്ങു തീര്‍ക്കുന്ന പുരുഷ യാത്രക്കാരുടെ വാഹനമായി എയര്‍ ഇന്ത്യ മാറിയോ. സംശയം സ്വാഭാവികം. ഒരാഴ്ചയ്ക്കിടെ ഒരുപോലുള്ള സംഭവത്തിന്റെ പേരില്‍ എയര്‍ ഇന്ത്യയ്ക്ക് പിഴ വിധിക്കുന്നത് ഇത് രണ്ടാം തവണ.

ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി. ജി. സി. എ) ആണ് എയര്‍ ഇന്ത്യക്ക് രണ്ടാമതും പിഴയൊടുക്കാനുള്ള 10 ലക്ഷം രൂപ വിധിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് 30 ലക്ഷം രൂപയായിരുന്നു പിഴ വിധിച്ചത്. ഒരാഴ്ചയ്ക്കിടെ 40 ലക്ഷം രൂപയുടെ പിഴയൊടുക്കാനാണ് പഴയ ദേശീയ വിമാനക്കമ്പനി വിധിക്കപ്പെട്ടിരിക്കുന്നത്. 

പാരീസ്- ഡല്‍ഹി വിമാന യാത്രയ്ക്കിടെയാണ് രണ്ടാമത്തെ മൂത്രമൊഴിക്കല്‍ സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ വനിതാ യാത്രക്കാരിയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിച്ചു. ഇത് എയര്‍ ഇന്ത്യ മറച്ചുവെച്ചതിനാണ് പത്തുലക്ഷം പിഴ വിധിച്ചിരിക്കുന്നത്. 

2022 ഡിസംബര്‍ ആറിന് പാരീസ്- ന്യൂഡല്‍ഹി എ ഐ 142 AI142 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ പൈലറ്റ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിച്ച പുരുഷ യാത്രക്കാരനെ പിടികൂടുകയായിരുന്നു.  എന്നാല്‍ പിന്നീട് ഇരു യാത്രക്കാരുടെയും പരസ്പര ധാരണയെത്തുടര്‍ന്ന് കുറ്റാരോപിതനായ വ്യക്തിയെ പോകാന്‍ അനുവദിക്കുകയും ചെയ്തു. 

വനിതാ യാത്രക്കാരി ആദ്യം രേഖാമൂലം പരാതി നല്‍കിയെങ്കിലും പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയിലൂടെ പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ സംഭവം ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി. ജി. സി. എ.യുടെ ശ്രദ്ധയില്‍പ്പെടുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാത്തതിന് എയര്‍ ഇന്ത്യയോട് വിശദീകരണം തേടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പിഴയില്‍ കലാശിച്ചത്.

Tags

Latest News