Sorry, you need to enable JavaScript to visit this website.

രക്തത്തില്‍നിന്ന് രഹസ്യാണുക്കള്‍; എ.കെ.ആന്റണിയുടെ മകനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം

കൊച്ചി-ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക് മുന്‍തൂക്കം നല്‍കരുതെന്ന് ആഹ്വാനം ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം.
എത്ര വേഗമാണ് രക്തത്തില്‍നിന്ന് രഹസ്യാണുക്കള്‍ പുറത്തുചാടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയാണ് ബി.ബി.സിയുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന അനില്‍ ആന്റണി.
കോട്ട് ഇടുമ്പോഴും ടൈ കെട്ടുമ്പോഴും ഇംഗ്ലീഷില്‍ ട്വീറ്റ് ചെയ്യുമ്പോഴും ഇല്ലാത്ത ബ്രിട്ടീഷ് വിരോധമാണ് ഗുജറാത്തി മുസ്ലിങ്ങളെ വംശഹത്യയ്ക്ക് ഇരയാക്കിയവരെ ചൂണ്ടിക്കാണിക്കുമ്പോള്‍ ഈ യുവ ആന്റണിക്കെന്ന് ട്വിറ്റര്‍ പ്രൊഫൈല്‍ ചൂണ്ടിക്കാട്ടി പ്രമോദ് രാമന്‍ കുറിച്ചു. സായിപ്പിനെ കണ്ട് കവാത്തു മറന്ന ചരിത്രത്തിന്റെ പിന്‍ഗാമികളായ സംഘ് പരിവാറിന്റെ കൂട്ടക്കൊലയല്ല, കോമണ്‍വെല്‍ത്തിലെ അംഗരാജ്യം എന്ന നിലയില്‍ ഇന്ത്യ സൗഹൃദം പുലര്‍ത്തുന്ന യു.കെയുടെ ടെലിവിഷന്‍ ആണ് യുവ ആന്റണിയുടെ  ആശങ്കയെന്നും എത്രവേഗമാണ് രക്തത്തില്‍ നിന്ന് രഹസ്യാണുക്കള്‍ പുറത്തുചാടുന്നതെന്നും പ്രമോദ് രാമന്‍ പറഞ്ഞ
ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബി.ബി.സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ വിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് ബി.ബി.സിയെന്നും ബി.ജെ.പിയോടുള്ള  അഭിപ്രായ വ്യത്യാസം വച്ചു കൊണ്ടാണ് തന്നെയാണ് ഇങ്ങനെ പറയുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു. ഇറാഖ് യുദ്ധത്തിന് പിറകിലെ തലച്ചോറായിരുന്നു മുന്‍ യു.കെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
അതേസമയം, ബി.ബി.സിയുടെ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്ത് വ്യക്തമാക്കി.  സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നിരോധിച്ചാലും സത്യം കൂടുതല്‍ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമര്‍ത്താം. എന്നാല്‍ സത്യത്തെ അടിച്ചമര്‍ത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ബി.ബി.സി ഡോക്യുമെന്ററി വൈകിട്ട് ഏഴ് മണിക്ക്  ലോ കോളജിലും പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകള്‍ അറിയിച്ചു.

 

Latest News