Sorry, you need to enable JavaScript to visit this website.

മതസൗഹാർദ സന്ദേശമായി വട്ടംകുളം മഹാദേവ ക്ഷേത്രത്തിലെ ചുമർചിത്രം

വട്ടംകുളം പുറമുണ്ടോക്കാവ് മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രം.പഴക്കുലയുമായി നിൽക്കുന്ന അറബ് വംശജനെയും കാണാം.

വട്ടംകുളം പുറമുണ്ടേക്കാവ് മഹാദേവ ക്ഷേത്രത്തിലെ ചുമർചിത്രം മതസൗഹാർദത്തിന്റെ വലിയ സന്ദേശമാണ് നൽകുന്നത്. അതിഥികളായി എത്തിയിരുന്ന അന്യനാട്ടുകാരെ സ്‌നേഹത്തോടെ സ്വീകരിച്ച ഒരു തലമുറ ഇവിടെയുണ്ടായിരുന്നെന്നും അവരോട് സ്‌നേഹത്തോടെ തിരിച്ചു പെരുമാറിയിരുന്നവരായിരുന്നു അതിഥികളെന്നും ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.മറ്റു മതങ്ങളെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന മതവിശ്വാസികൾക്ക് മുന്നിൽ പരസ്പര സൗഹാർദത്തിന്റെ വർണവിസ്മയമായി വട്ടംകുളത്തെ ക്ഷേത്രചുമരിലെ ഈ ചിത്രം വിളങ്ങട്ടെ.

 

 

മതങ്ങളെല്ലാം കലക്ക് പ്രാധാന്യം നൽകിയവ കൂടിയാണ്.ഹിന്ദു മതത്തിലെ ക്ഷേത്രകലകൾ, ഇസ്‌ലാമിലെ കാലിഗ്രാഫി, ക്രിസ്തുമതത്തിന്റെ വാസ്തുവിദ്യ തുടങ്ങി കലയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ മതങ്ങളുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കാനാകും.പരസ്യമായി പല കലാരൂപങ്ങളെയും വിലക്കിയിട്ടുള്ള മതങ്ങളിൽ പോലും കലയുടെ അഭിരുചികൾ അന്തർലീനമാണെന്ന് കാണാം.മത ബഹുസ്വരതയുടെ കൂടിച്ചരലുകളായി പിന്നീട് ഈ കലാവാസനകൾ ലോകത്തിന്റെ പലയിടത്തും സംഗമിക്കുകയും ചെയ്തിട്ടുണ്ട്.വിവിധ സംസ്‌കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ കലയുടെ വളർച്ചയുടെ വഴികളിൽ കാണാം.
കേരളത്തിലെ ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങൾ ചരിത്രത്തെ കൂടി അടയാളപ്പെടുത്തുന്നതാണ്.ഇത്തരമൊരു ചിത്രമാണ് അടുത്ത കാലത്ത് മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത വട്ടംകുളം പുറമുണ്ടേക്കാവ് മഹാദേവ ക്ഷേത്രത്തിൽ പുനരാലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.അറബ് വംശജരുടെ വേഷം ധരിച്ച ഒരാൾ ക്ഷേത്രത്തിൽ ഒരു പഴക്കുലയുമായി നിൽക്കുന്ന ദൃശ്യമാണ് ഈ ചിത്രത്തിലുള്ളത്.ക്ഷേത്രഭാരവാഹികൾ അറബിയുമായി സംസാരിക്കുന്നതും ചിത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ഭിത്തിയിൽ നൂറ്റാണ്ടുകളായി പതിഞ്ഞു കിടക്കുന്നതും എന്നാൽ അവഗണിക്കപ്പെട്ടതുമായ ഈ ചിത്രം അടുത്ത കാലത്ത് ഗുരുവായൂർ ചുമർ ചിത്രകലാ കേന്ദ്രത്തിലെ പൂർവ വിദ്യാർഥിയായ ശശി കോതച്ചിറ പുനരാലേഖനം ചെയ്തിരുന്നു.പ്രമുഖ ചരിത്രകാരനായ എം.ജി.ശശിഭൂഷൻ ആണ് ഈ ചിത്രത്തിന്റെ ചരിത്രപ്രാധാന്യത്തെ ലോകത്തിന് മുന്നിലേക്ക് എത്തിച്ചത്.പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച ചിത്രമായിരിക്കാം ഇതെന്നാണ് എം.ജി ശശിഭൂഷൻ അനുമാനിക്കുന്നത്.

 
നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന സാംസ്‌കാരിക വിനിമയത്തിന്റെയും മതസൗഹാർദത്തിന്റെയും നേർചിത്രമാണ് വട്ടംകുളത്തെ ക്ഷേത്രത്തിന്റെ പുറം ചുമരിൽ ഉള്ളത്.വാണിജ്യാവശ്യങ്ങളുമായി കടൽ കടന്നെത്തിയ അറബികൾ കേരളത്തിലെ ജനങ്ങളുമായി എത്രമാത്രം അടുത്തിരുന്നുവെന്ന് കൂടി തെളിയിക്കുന്നതാണ് ഈ ചിത്രം.മലബാറിൽ അക്കാലത്ത് നിലനിന്നിരുന്ന മതസൗഹാർദത്തിന്റെയും സംസ്‌കാര സമന്വയത്തിന്റെയും അടയാളമാണ് ഈ ചിത്രമെന്ന് എം.ജി ശശിഭൂഷനും അഭിപ്രായപ്പെട്ടിരുന്നു.


കേരളത്തിലെ ക്ഷേത്രങ്ങളിലെ ചമർചിത്രങ്ങൾ ആദ്യ കാലങ്ങളിൽ ഹൈന്ദവ ജീവിതവുമായും ദൈവങ്ങളുമായും മാത്രം ബന്ധപ്പെട്ടാണ് വരക്കപ്പെട്ടിരുന്നത്.എന്നാൽ പിന്നീട് വിവിധ വിദേശ സംഘങ്ങൾ എത്തിയതോടെ, കേരളത്തിലെ സാമൂഹിക ഘടനയിൽ സംവിധാനത്തിലുണ്ടായ മാറ്റം ചുമർചിത്രങ്ങളിലും പിന്നീട് പ്രകടമായി വന്നു.സമൂഹത്തിലെ പൊതുവായ ഇടപെടലുകളും ജീവിത രീതികളും ക്ഷേത്രചുവരുകളിലെ ചിത്രങ്ങളിൽ ആലേഖനം ചെയ്യുന്നത് ഈ ചിത്രകല ശൈലിയിലെ തന്നെ ചരിത്രപരമായ മാറ്റമാണ്. വട്ടംകുളം ക്ഷേത്രത്തിലെ ഈ ചുമർചിത്രത്തിലും ആ മാറ്റത്തിന്റെ അനുരണനങ്ങൾ കാണാം.കച്ചവടത്തിനായി എത്തിയ അറബികൾ, കേരളത്തിലെ തദ്ദേശീയരുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ടിരുന്നുവെന്നാണ് പഴക്കുലയുമായി നിൽക്കുന്ന അറബ് വംശജന്റെ സാന്നധ്യം തെളിയിക്കുന്നത്.അറബികൾ, പോർച്ചുഗീസുകാർ,ചൈനക്കാർ,ബ്രിട്ടീഷുകാർ തുടങ്ങിയവർ ഇന്ത്യയിലെത്തിയപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സാംസ്‌കാരിക സമന്വയം സംഭവിച്ചിട്ടുണ്ട്.ഭാഷയിൽ വരെ ഈ കൂടിച്ചേരൽ നടന്നതായി മലയാളത്തിൽ ഉപയോഗിക്കുന്ന പല വാക്കുകളും തെളിയിക്കുന്നു.


ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വട്ടംകുളം ക്ഷേത്രത്തിലെ ചിത്രം അതിന്റെ ആലേഖന ശൈലിയിലും വരക്കാനുപയോഗിച്ച നിറങ്ങളുടെ ഗുണത്തിലും മികവാർന്നതാണ്.എതാനും വർഷം മുമ്പ് ചിത്രം കണ്ടെത്തുമ്പോഴും ചിത്രം പൂർണമായും നശിച്ചിട്ടില്ലായിരുന്നു. കൂടുതൽ മികവേടെയാണ് ശശി കോതചിറയുടെ നേതൃത്വത്തിൽ കലാകാരൻമാർ അതിനെ തെളിയിച്ചെടുത്തത്.
മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾ ആക്രമണത്തിലേക്ക് തിരിയുന്ന ഇക്കാലത്ത് ഈ ചുമർചിത്രത്തിന് പ്രസക്തിയേറെയുണ്ട്.അതിഥികളായി എത്തിയിരുന്ന അന്യനാട്ടുകാരെ സ്‌നേഹത്തോടെ സ്വീകരിച്ച ഒരു തലമുറ ഇവിടെയുണ്ടായിരുന്നെന്നും അവരോട് സ്‌നേഹത്തോടെ തിരിച്ചു പെരുമാറിയിരുന്നവരായിരുന്നു അതിഥികളെന്നും ഈ ദൃശ്യം നമ്മെ ബോധ്യപ്പെടുത്തുന്നു.മറ്റു മതങ്ങളെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന മതവിശ്വാസികൾക്ക് മുന്നിൽ പരസ്പര സൗഹാർദത്തിന്റെ വർണവിസ്മയമായി വട്ടംകുളത്തെ ക്ഷേത്രചുമരിലെ ഈ ചിത്രം വിളങ്ങട്ടെ.മത സൗഹാർദദ്ദത്തിന്റെ സന്ദേശം തലമുറകളിലേക്ക് പകരാൻ ഈ ചുമർചിത്രം കേരളത്തിന്റെ കൺമുന്നിൽ എപ്പോഴും നിലനിൽക്കണ്ടതുണ്ട്. 

 

Latest News