തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം മുൻനിരയിലാണെന്നു പ്രഖ്യാപനം പറയുമ്പോൾ ചിരിക്കാത്ത ആരെങ്കിലുമുണ്ടാകുമോ? ഇപ്പോഴും തൊഴിലിനായി നാടു വിട്ടുപോകുന്നവരിൽ മുൻനിരയിലല്ലേ കേരളം? സംരംഭ സൗഹൃദമെന്നൊക്കെ പറയുമ്പോഴും പ്രയോഗത്തിൽ അത് ലഭിക്കുന്നത് വൻ കോർപറേറ്റുകൾക്കു മാത്രമാണ്. ചെറുകിടക്കാരുടെ സംരംഭങ്ങൾ മിക്കവയും തകരുന്നു, അതോടെ അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തു ജീവിക്കുന്നവരുടെ ജീവിതവും. പി.എസ്.സി വഴി സർക്കാർ കൂടുതൽ പേർക്ക് തൊഴിൽ നൽകിയതിനെ കുറിച്ചാണ് ഊറ്റം കൊള്ളുന്നത്.
വികസന നേട്ടങ്ങൾ എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന പദ്ധതികൾ വിശദീകരിച്ച് ഗവർണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സർക്കാർ. കേന്ദ്രത്തിനെതിരായ പല പരാമർശങ്ങളും അതേപടി ഗവർണർ വായിക്കുകയും ചെയ്തു. ഒരടി പിറകോട്ടു വെക്കുന്ന ഗവർണറുടെ തന്ത്രം വരാൻ പോകുന്ന കൂടുതൽ രൂക്ഷമായ പോരാട്ടത്തിന്റെ സൂചനയാണോ എന്നു സംശയിക്കുന്നതിൽ തെറ്റില്ല. ആ പോരാട്ടം നടക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ ഫെഡറലിസത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ ഭരണ - പ്രതിപക്ഷ കക്ഷികൾ തയാറാകുമോ എന്നതാണ് പ്രശ്‌നം. ഭരണപക്ഷവും ഗവർണറും തമ്മിലുള്ള ധാരണയാണ് സംഭവിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. 'സർക്കാർ-ഗവർണർ ഭായ്-ഭായ്' എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കേന്ദ്രത്തിനെതിരായ വിമർശനം നയപ്രഖ്യാപനത്തിൽ മയപ്പെടുത്തിയത് ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും ആരോപിച്ച് പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തി.
നയപ്രഖ്യാപനത്തിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളായി അവതരിപ്പിക്കുന്ന ഏതാനും വിഷയങ്ങൾ പരിശോധിക്കാനാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണെന്നും സർക്കാർ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനത്തിനാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. എന്താണ് യാഥാർത്ഥ്യം? ആദിവാസികൾ, ദളിതർ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളുടെ അവസ്ഥ ഏതെങ്കിലും രീതിയിൽ ആശ്വാസകരമാണെന്നു പറയാനാകുമോ? കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ അർഹമായ വിഹിതം അവർക്കു ലഭിക്കുന്നുണ്ടോ? വൻതോതിലുള്ള തോട്ടഭൂമി നിയമ വിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന കോർപറേറ്റുകളിൽ നിന്ന് പിടിച്ചെടുത്ത് അർഹതയുള്ളവർക്ക് വിതരണം ചെയ്യാനാകുന്നുണ്ടോ? കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിലെ പോരായ്മകൾ പരിഹരിച്ചിട്ടില്ല. ആദിവാസി ഭൂപ്രശ്‌നവും ഉനിയും പരിഹരിച്ചിട്ടില്ല. ആദിവാസികൾക്കിടയിലെ നവജാത ശിശുക്കളുടെ മരണ നിരക്ക് വളരെ ഉയർന്നതാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ഏറ്റവും ദുരിതമയമായിരിക്കുന്നു. നാലു ലക്ഷം രൂപ സഹായം നൽകുന്നതിനെയാണ് എല്ലാവർക്കും വീടു നൽകുമെന്ന് വ്യാഖ്യാനിക്കുന്നത്. ബസ് സ്റ്റോപ്പിനും തൊഴുത്തിനുമൊക്കെ അതിന്റെ മൂന്നും നാലും ഇരട്ടി ചെലവഴിക്കുമ്പോഴാണ് ഇതെന്നത് മറക്കരുത്.
തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം മുൻനിരയിലാണെന്നു പ്രഖ്യാപനം പറയുമ്പോൾ ചിരിക്കാത്ത ആരെങ്കിലുമുണ്ടാകുമോ? ഇപ്പോഴും തൊഴിലിനായി നാടുവിട്ടുപോകുന്നവരിൽ മുൻനിരയിലല്ലേ കേരളം? സംരംഭ സൗഹൃദമെന്നൊക്കെ പറയുമ്പോഴും പ്രയോഗത്തിൽ അത് ലഭിക്കുന്നത് വൻ കോർപറേറ്റുകൾക്കു മാത്രമാണ്. ചെറുകിടക്കാരുടെ സംരംഭങ്ങൾ മിക്കവയും തകരുന്നു, അതോടെ അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തു ജീവിക്കുന്നവരുടെ ജീവിതവും. പിഎസ്‌സി വഴി സർക്കാർ കൂടുതൽ പേർക്ക് തൊഴിൽ നൽകിയതിനെ കുറിച്ചാണ് ഊറ്റം കൊള്ളുന്നത്. അത് പരമാവധി എത്രയുണ്ടാകും? മാത്രമല്ല, തൊഴിലവസരങ്ങൾ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്തം, അല്ലാതെ സർക്കാർ എന്നാൽ തൊഴിൽ നൽകുന്ന സ്ഥാപനമല്ല എന്നതാണ് വിസ്മരിക്കുന്നത്. തകരുന്ന കാർഷിക മേഖലയിലും തൊഴിലവസരങ്ങൾ പൂർണമായും ഇല്ലാതായ അവസ്ഥയാണ്.
വിദ്യാഭ്യാസത്തെ കുറിച്ച് പ്രഖ്യാപനത്തിൽ ഏറെ പറയുന്നുണ്ട്. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നൽകും, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും എന്നിങ്ങനെ അതു പോകുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിലൊഴികെ മറ്റെല്ലാ മേഖലയിലും കേരളം വളരെ പിറകിലാണ് എന്നതാണ് വ്‌സതുത. ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥ എത്രയോ മോശം. അതിനാലാണല്ലോ പ്ലസ് ടു കഴിയുമ്പോഴും കുട്ടികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമൊക്കെ ചേക്കേറുന്നത്? പാവപ്പെട്ടവർക്കാകട്ടെ ആ അവസരങ്ങൾ ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുക എന്നത് ആർക്കറിയാം?
അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയ വികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മേഖലയിൽ വൻ നേട്ടങ്ങളുണ്ടായെന്നും പറയുന്നുണ്ട്. ഇനിയും പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭിക്കുന്ന സാഹചര്യമില്ലെന്നതാണ് വസ്തുത. ഏറ്റവും വലിയ കഴുത്തറുപ്പൻ മേഖല തന്നെയാണ് ഇപ്പോഴും ആരോഗ്യ മേഖല. സർക്കാർ ആശുപത്രികളിൽ ചില പുതിയ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തിയതാണ് പലപ്പോഴും കൊട്ടിഘോഷിക്കുന്നത്. ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവയൊക്കെ എത്രയോ കുറവാണ്. മാത്രമല്ല, മെഡിക്കൽ കോളേജുകളടക്കമുള്ള പല സർക്കാർ ആശുപത്രികളിലെയും അപര്യാപ്തതകളെ കുറിച്ചും ചികിത്സ പിഴവുകളെ കുറിച്ചും നിരന്തരമായ വാർത്തകൾ വരുന്നു. എന്നിട്ടും എങ്ങനെയാണ് നമ്മൾ മുൻനിരയിൽ എന്നു പറയാനാകുക? വിദ്യാഭ്യാസം പോലെ പ്രാഥമികാരോഗ്യ മേഖലയിൽ മാത്രമാണ് നമ്മൾ മെച്ചപ്പെട്ട നിലയിൽ എന്നതാണ് വസ്തുത.
വയോജന സംരക്ഷണത്തിലും കേരളം ഒന്നാമത് തന്നെയാണെന്നു പറയുന്നു. ഒരു കണക്കുകളുടെയും പിൻബലത്തിലല്ല ഒന്നാമതെന്നു പറയുന്നതെന്നത് അവിടെ നിൽക്കട്ടെ. സ്വന്തമായി വൻ പെൻഷൻ ലഭിക്കാത്ത വയോജനങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടതല്ല എന്നതാണ് വസ്തുത. ശരാശരി ആയുസ്സിൽ നമ്മൾ മുന്നിലാണെന്നു പറയുമ്പോൾ, വയോജനങ്ങളിൽ വലിയൊരു ഭാഗം കിടപ്പിലാണെന്നതാണ് വസ്തുത. ചിലർക്ക് തുഛം ക്ഷേമപെൻഷൻ ലഭിക്കുന്നു എന്നതല്ലാതെ യാതൊരു വരുമാനവുമില്ലാത്തവരാണ് മിക്കവരും. അന്തസ്സില്ലാത്ത ജീവിതവും മരണവും നയിക്കേണ്ട അവസ്ഥയിലാണ് ഭൂരിഭാഗവും. ഉറ്റവരാകട്ടെ കൂടെയില്ലാത്ത അവസ്ഥയാണ് മിക്കവർക്കും. ഇനിയും സമഗ്രമായ ഒരു വയോജന നയം ആവി,ഷ്‌കരിക്കാൻ നമുക്കായിട്ടില്ല. മറുവശത്ത് മാതാപിതാക്കളുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും വഹിക്കേണ്ടിവരുന്ന കുട്ടികളുടെ ജീവിതവും ദുരിതമയമാണ്. കുട്ടികളുടെ ക്ഷേമത്തിനായി പല സംവിധാനങ്ങളുണ്ടെങ്കിലും അവർക്കെതിരായ അക്രമങ്ങളടക്കം വർധിക്കുന്നു. സ്ത്രീകളുടെയും ഇതര ലിംഗ ലൈംഗിക വിഭാഗങ്ങളുടെ അവസ്ഥയും ദുരിതമയം തന്നെ. ഇതിനെയൊന്നും വിശാലമായ അർത്ഥത്തിൽ അഭിസംബോധന ചെയ്യാൻ നയപ്രഖ്യാപനത്തിനായിട്ടില്ല.
പോലീസ് അതിക്രമങ്ങൾ നിരന്തരമായി ആവർത്തിക്കുകയും പോലീസിലെ ക്രിമിനലുകളെ സർക്കാർ തന്നെ പിരിച്ചുവിടുകയും ചെയ്യുമ്പോഴാണ് രാജ്യത്തെ മികച്ച പോലീസാണ് കേരളത്തിലേതെന്നു പറയുന്നത്. മാധ്യമ പ്രവർത്തകരെ നിരന്തരം ആക്ഷേപിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത് കേൾക്കാൻ കൗതുകമുണ്ട്. ഇതൊക്കെ നിലനിൽക്കുമ്പോഴാണ് ഗവർണറെക്കൊണ്ട് കേന്ദ്രത്തെ വിമർശിപ്പിക്കാനായി എന്ന അവകാശവാദം. ഇതാകട്ടെ പ്രധാനമായും കടപരിധി നിയന്ത്രണത്തിലാണ്. ഒരു കാലത്തും ഉണ്ടാകാതിരുന്നത്ര കടക്കെണിയിലിരുന്നാണ് നാം വീണ്ടും കടം വാങ്ങുന്നതെന്നത് മറന്നാണ് ഈ വിമർശനം. മറിച്ച്, രാജ്യത്തെ ഫെഡറലിസം തകർക്കുന്നതിനെതിരേയും സമസ്ത മേഖലയിലുമുള്ള ബഹുസ്വരത ഇല്ലാതാക്കി ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേൽപിക്കുന്നതിനെതിരേയും പ്രഖ്യാപനത്തിൽ പരാമർശമൊന്നും കണ്ടില്ല എന്നതാണ് യാഥാർത്ഥ്യം.