- 50ൽ താഴെ കുട്ടികളുള്ള മദ്രസയെ മറ്റൊരു വലിയ മദ്രസയിൽ ലയിപ്പിക്കുമെന്നും അധ്യാപകർ പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും അസം സർക്കാർ
ദിസ്പൂർ - സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളെ പരസ്പരം ലയിപ്പിക്കുമെന്നും പ്രവർത്തിക്കുന്നവയ്ക്ക് രജിസ്‌ട്രേഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനായി വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മദ്രസകളെ ലയിപ്പിക്കുന്നതിൽ മുസ്‌ലിം സമുദായം സർക്കാരിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
50ൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള മദ്രസയെ മറ്റൊരു വലിയ മദ്രസയിൽ ലയിപ്പിക്കും. മദ്രസ സംവിധാനം യുക്തിസഹമാക്കും. ഇവ പരിശോധിക്കാനായി ഒരു ചെക്ക് തയ്യാറാക്കിയിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരോട് അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടും. മൂന്ന് കിലോമീറ്റർ പരിധിയിൽ ഒരു മദ്രസ മാത്രം പ്രവർത്തിക്കുന്ന രീതിയിലേക്ക് എണ്ണം ചുരുക്കുമെന്നും പ്രവർത്തനത്തിൽ സമുദായത്തിന്റെ സഹകരണം ലഭിക്കുന്നുണ്ടെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മദ്രസകൾക്കെതിരെ കഴിഞ്ഞ വർഷം കർശന നടപടി സ്വീകരിച്ചിരുന്നതായും അസം സർക്കാർ വ്യക്തമാക്കി.
പെൺകുട്ടിയുടെ പരാതി പോലീസ് മുക്കി; കോടതി ഉത്തരവിൽ ബി.ജെ.പി എം.എൽ.എക്കെതിരെ പോക്‌സോ കേസ്
അഹമ്മദാബാദ് - പിഞ്ചു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുജറാത്തിലെ ബി.ജെ.പി എം.എഎൽ.എ ഉൾപ്പടെ രണ്ടുപേർക്കെതിരെ പോലീസ് കേസ്. മുൻ മന്ത്രി കൂടിയായ ഗജേന്ദ്രസിങ് പർമർ എം.എൽ.എക്കും, മഹേഷ് പട്ടേലിനുമെതിരെയുമാണ് പോക്‌സോ ചുമത്തി കേസ് എടുത്തത്.
എം.എൽ.എക്കെതിരെ ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് അത് മുക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ നിയമപോരാട്ടത്തിലൂടെയാണ് എം.എൽ.എയെ കുരുക്കിലാക്കിയത്. എം.എൽ.എയും ഗുജറാത്ത് ബി.ജെ.പിയിലെ നേതാവുമായ പർമർ ബന്ധുവാണെന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിലുണ്ട്. 2020 നവംബറിൽ ജായ്‌സാൽമീറിലേക്കുള്ള യാത്രയ്ക്കിടെ ഗജേന്ദ്ര സിങും മഹേഷും ചേർന്ന് മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് തനിക്ക് ഇരുവരുമായും വഴക്കിടേണ്ടി വന്നുവെന്നും അമ്മ പറഞ്ഞു. അന്നു തന്നെ പരാതി നല്കിയെങ്കിലും കേസ് എടുക്കാൻ പോലീസ് കൂട്ടാക്കിയില്ല. ശേഷം കുട്ടിയുടെ അമ്മ രാജസ്ഥാനിലെ സിരോഹി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. പ്രതിയെ രക്ഷിച്ചെടുക്കാൻ ബി.ജെ.പിയുടെ വൻ റാക്കറ്റാണ് ഉന്നതങ്ങളിൽ കളിച്ചത്.
ലൈംഗികാരോപണം നേരിട്ടവർക്കുള്ള വക്കാലത്ത്; ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറിക്ക് സസ്‌പെൻഷൻ
ന്യൂദൽഹി - ദേശീയ ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറി വിനോദ് തോമറിന് സസ്‌പെൻഷൻ. കായിക മന്ത്രാലയമാണ് സസ്‌പെൻഡ് ചെയ്തത്. കായികതാരങ്ങൾക്കെതിരെയുള്ള തോമറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സസ്‌പെൻഷൻ.
താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും തെളിവില്ലാത്ത ആരോപണങ്ങളാണ് താരങ്ങൾ ഉന്നയിക്കുന്നതെന്നുമായിരുന്നു വിനോദ് തോമറിന്റെ ന്യായീകരണം. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെ അനുകൂലിച്ച് നിരവധി പ്രസ്താവനകളും വിനോദ് തോമർ നടത്തിയിരുന്നു. ഗുരുതരമായ വിവാദ സംഭവങ്ങളിൽ അന്വേഷണ കമ്മിഷൻ നാളെ അന്വേഷണം തുടങ്ങാനിരിക്കെയാണ് ഗുസ്തി ഫെഡറേഷൻ അസി. സെക്രട്ടറിക്കുള്ള സസ്‌പെൻഷൻ.
ഗുസ്തിയിൽ മുട്ടുമടക്കി; ബി.ജെ.പി എം.പി ഉൾപ്പെട്ട ലൈംഗികാരോപണക്കേസ് അന്വേഷിക്കാൻ രണ്ടു കമ്മിറ്റി
ന്യൂഡൽഹി ഗുസ്തി താരങ്ങളുടെ ആവശ്യങ്ങൾക്കു വഴങ്ങി കേന്ദ്ര സർക്കാർ. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ദൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തി വന്ന മൂന്നുദിവസത്തെ സമരം അവസാനിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനം.
ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂർ അറിയിച്ചു. അന്വേഷണം തീരും വരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ഇക്കാലയളവിൽ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്കും സമിതി മേൽനോട്ടം വഹിക്കും. ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഗുസ്തി താരങ്ങളുടെ പരാതിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും നടപടി ആരംഭിച്ചതായി ഐ.ഒ.എ അധ്യക്ഷ പി.ടി ഉഷ എം.പി അറിയിച്ചു. പരാതി അന്വേഷിക്കാൻ ബോക്‌സിങ് താരം എം.സി മേരി കോം, ബാഡ്മിന്റൻ താരം അളകനന്ദ അശോക്, ഗുസ്തി താരം യോഗേശ്വർ ദത്ത്, അമ്പെയ്ത്തു താരം ഡോള ബാനർജി, വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും അടങ്ങുന്ന ഏഴംഗ സമിതിയെ നിയോഗിച്ചതായും ഉഷ അറിയിച്ചു. പ്രതിഷേധം മയപ്പെടുത്തി വിവാദങ്ങളിൽനിന്നും തലയൂരാൻ ചില ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്ന് പലവിധ സമ്മർദ്ദങ്ങളുണ്ടായെങ്കിലും അതിനൊന്നും വഴങ്ങാതെ ഗുസ്തി താരങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്ര സർക്കാറിന് വഴങ്ങേണ്ടി വന്നത്.