ന്യൂദൽഹി - ദേശീയ ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറി വിനോദ് തോമറിന് സസ്‌പെൻഷൻ. കായിക മന്ത്രാലയമാണ് സസ്‌പെൻഡ് ചെയ്തത്. കായികതാരങ്ങൾക്കെതിരെയുള്ള തോമറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സസ്‌പെൻഷൻ.
താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും തെളിവില്ലാത്ത ആരോപണങ്ങളാണ് താരങ്ങൾ ഉന്നയിക്കുന്നതെന്നുമായിരുന്നു വിനോദ് തോമറിന്റെ ന്യായീകരണം. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെ അനുകൂലിച്ച് നിരവധി പ്രസ്താവനകളും വിനോദ് തോമർ നടത്തിയിരുന്നു. ഗുരുതരമായ വിവാദ സംഭവങ്ങളിൽ അന്വേഷണ കമ്മിഷൻ നാളെ അന്വേഷണം തുടങ്ങാനിരിക്കെയാണ് ഗുസ്തി ഫെഡറേഷൻ അസി. സെക്രട്ടറിക്കുള്ള സസ്‌പെൻഷൻ.
ഗുസ്തിയിൽ മുട്ടുമടക്കി; ബി.ജെ.പി എം.പി ഉൾപ്പെട്ട ലൈംഗികാരോപണക്കേസ് അന്വേഷിക്കാൻ രണ്ടു കമ്മിറ്റി
ന്യൂഡൽഹി - ഗുസ്തി താരങ്ങളുടെ ആവശ്യങ്ങൾക്കു വഴങ്ങി കേന്ദ്ര സർക്കാർ. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ദൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തി വന്ന മൂന്നുദിവസത്തെ സമരം അവസാനിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനം.
ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂർ അറിയിച്ചു. അന്വേഷണം തീരും വരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ഇക്കാലയളവിൽ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്കും സമിതി മേൽനോട്ടം വഹിക്കും. ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഗുസ്തി താരങ്ങളുടെ പരാതിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും നടപടി ആരംഭിച്ചതായി ഐ.ഒ.എ അധ്യക്ഷ പി.ടി ഉഷ എം.പി അറിയിച്ചു. പരാതി അന്വേഷിക്കാൻ ബോക്‌സിങ് താരം എം.സി മേരി കോം, ബാഡ്മിന്റൻ താരം അളകനന്ദ അശോക്, ഗുസ്തി താരം യോഗേശ്വർ ദത്ത്, അമ്പെയ്ത്തു താരം ഡോള ബാനർജി, വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും അടങ്ങുന്ന ഏഴംഗ സമിതിയെ നിയോഗിച്ചതായും ഉഷ അറിയിച്ചു. പ്രതിഷേധം മയപ്പെടുത്തി വിവാദങ്ങളിൽനിന്നും തലയൂരാൻ ചില ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്ന് പലവിധ സമ്മർദ്ദങ്ങളുണ്ടായെങ്കിലും അതിനൊന്നും വഴങ്ങാതെ ഗുസ്തി താരങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്ര സർക്കാറിന് വഴങ്ങേണ്ടി വന്നത്.