ദാവോസ് (സ്വിറ്റ്‌സർലൻഡ്) - രാഹുൽ ഗാന്ധിയെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ ഞാൻ തോൽപ്പിച്ചത് അവർക്ക് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്ര വനിതാ, ശിശുക്ഷേമ, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ മാധ്യമങ്ങളുടെ ചോദ്യത്തോടായി പ്രതികരിക്കുകയായിരുന്നു അവർ.
കോൺഗ്രസുകാരുടെ വേദനയുടെയും അസ്വാസ്ഥ്യത്തിന്റെയും ആഴം എത്രയെന്ന് നിങ്ങൾക്കു കരുതാനാകുമോ. ഓരോ ദിവസവും ഒരു ട്വീറ്റ് കൊണ്ടോ ഒരു ഫോട്ടോ കൊണ്ടോ പ്രഹരം നൽകാനാകുമോ എന്നതിനാണ് അവരുടെ ശ്രമം. എല്ലാം കൊണ്ടുവരൂ എന്നാണ് ഞാൻ പറയുന്നത്. പക്ഷേ, സ്വിറ്റ്‌സർലൻഡിൽ വന്നിട്ട് എന്റെ വിലപ്പെട്ട സമയം കോൺഗ്രസിനുവേണ്ടി ഞാൻ മാറ്റിവയ്ക്കണോ. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾ ചർച്ചയാക്കാനാണ് ഞാനിവിടെ വന്നത്. രാഹുലിനെക്കുറിച്ച് സംസാരിക്കാനല്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ബി.ജെ.പി അംഗങ്ങളോടുള്ള പ്രസംഗത്തിനിടെ 'ന്യൂനപക്ഷ സമുദായങ്ങളിലേക്ക് എത്തിച്ചേരാൻ' പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നടത്തിയ പ്രസ്താവനയിലും കേന്ദ്രമന്ത്രി പ്രതികരിച്ചു. 'ന്യൂനപക്ഷ സമുദായങ്ങളിലേക്ക് എത്തിച്ചേരാനുള്ള' മോദിയുടെ നിർദ്ദേശം തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കല്ല. പ്രധാനമന്ത്രി എന്ന നിലയിലും ഭാരതീയ ജനതാ പാർട്ടിയുടെ നേതാവെന്ന നിലയിലും ഞങ്ങൾക്ക് വോട്ട് ചെയ്തവരെ മാത്രമല്ല ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവരെയും സേവിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.