Sorry, you need to enable JavaScript to visit this website.

മുജാഹിദ് സംഘടനകൾ തെറ്റ് തിരുത്തണമെന്ന് ഖലീൽ ബുഖാരി തങ്ങൾ

- സുന്നി ആദർശത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തെയും പിന്തുണക്കില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആദർശ സമ്മേളനം
മലപ്പുറം
-  ആദർശപരമായ യോജിപ്പുള്ളവർക്കിടയിലെ ഐക്യത്തിനേ സാമുദായിക ശാക്തീകരണം സാധ്യമാക്കാൻ കഴിയൂവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച കേരള മുസ്‌ലിം ജമാഅത്തിന്റെ ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  മുജാഹിദുകളുടെ മതപരവും രാഷ്ട്രീയവുമായ പരാജയങ്ങളെയും ഒറ്റപ്പെടലുകളെയും മറച്ചുവെക്കാനുള്ള ഇടത്താവളമായി സമുദായ ഐക്യമെന്ന പ്ലാറ്റ്‌ഫോമിനെ പൊക്കിപ്പിടിക്കാൻ കുത്സിത ശ്രമം നടക്കുന്നുണ്ട്. ഇത് തിരിച്ചറിയാൻ സുന്നികൾക്ക് കഴിയും. സുന്നി ആദർശത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തെയും സമസ്ത പിന്തുണക്കില്ല.
 മുഖ്യധാരാ മുസ്‌ലിംകളെ മതഭ്രഷ്ട് കൽപ്പിച്ച് സമുദായത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും തീവ്രവാദത്തിലൂടെ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കുകയുമാണ് മുജാഹിദുകൾ ചെയ്യുന്നത്. ഇവർ മുസ്‌ലിം സമുദായത്തിന് ബാധ്യതയാണെന്നും  തെറ്റ് തിരുത്താൻ അവർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ആദർശപരമായ യോജിപ്പുള്ളവർക്കിടയിലെ ഐക്യത്തിനേ സാമുദായിക ശാക്തീകരണം സാധ്യമാക്കാൻ കഴിയൂ എന്നതാണ് അനുഭവം. ശരിയായ ഇസ്‌ലാമിക ആദർശ പ്രചാരണവും രാജ്യത്ത് സമാധാനവും സുരക്ഷയും നടപ്പാക്കുകയുമാണ് സമസ്തയുടെ ലക്ഷ്യം. തീവ്ര ചിന്താധാരകളെ പ്രതിരോധിക്കേണ്ട ലക്ഷ്യം സമസ്ത വിജയിപ്പിച്ചെടുത്തിട്ടുണ്ട്. മുസ്‌ലിം പാരമ്പര്യത്തിന്റെ ചരിത്രപരമായ തുടർച്ചയെ ഉയർത്തിപ്പിടിക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സമസ്ത കേരളത്തിൽ നടപ്പാക്കുന്നതെന്നും ഖലീൽ തങ്ങൾ വിശദീകരിച്ചു.
 പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ വെകുന്നേരം 4.30ന് ആരംഭിച്ച സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി.
 സമസ്ത സെക്രട്ടറി പൊന്മള എം.എ അബ്ദുൽഖാദിർ മുസ്‌ലിയാർ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സുന്നി ജംഇയത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി തെന്നല അബൂഹനീഫൽ ഫൈസി, എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാൻ സഖാഫി, അലവി സഖാഫി കൊളത്തൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. എ.പി അബ്ദുൽഹകീം അസ്ഹരി, എൻ അലി അബ്ദുള്ള, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, പി.എം മുസ്തഫ മാസ്റ്റർ, കെ.വൈ നിസാമുദ്ദീൻ ഫാളിലി തുടങ്ങിയവർ പ്രസംഗിച്ചു.
 

Latest News