ചാവക്കാട്-കുന്നിക്കുരു കഴിച്ചതിനെ തുടര്‍ന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാന്‍ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാര്‍ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നീളുകയായിരുന്നു. മക്കളെത്തിയതോടെ മൂത്ത മകന്‍ സഞ്ജയ് സംസ്‌കാര ചടങ്ങുകള്‍ നടത്തി. എന്നാല്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ മക്കളെ അച്ഛന്റെ വീട്ടിലേക്ക് മടക്കി കൊണ്ടുപോയി. പോലീസ് സന്തോഷിന്റെയും ആശയുടെയും വീട്ടുകാരുമായുണ്ടാക്കിയ ധാരണയിലാണ് കുട്ടികളെ തിരികെ കൊണ്ടുപോയത്. ആശയുടെ സംസ്‌കാരം വൈകുന്നത് അറിഞ്ഞ എംഎല്‍എ മുരളി പെരുനെല്ലി ഇടപെട്ട്, ജില്ലാ കലക്ടറുമായും പൊലീസുമായും സംസാരിച്ചു. തുടര്‍ന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിക്കുകയായിരുന്നു.
ഭര്‍തൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടര്‍ന്ന്, മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാട്ടികയിലെ ഭര്‍തൃ വീട്ടില്‍ വെച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്. തുടര്‍ന്ന് അവശനിലയിലായ ആശയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മരിച്ചു. പ്രവാസിയായ സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തി. ആശയുടെ മരണ സമയം കുടുംബവും സന്തോഷും ആശുപത്രിയിലുണ്ടായിരുന്നു.
മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാന്‍ പോലും നില്‍ക്കാതെ സന്തോഷ് ആശുപത്രിയില്‍ നിന്ന് മടങ്ങി. നാട്ടികയില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. തുടര്‍ന്ന് ഇന്നു രാവിലെ 10ന്പാവറട്ടി വീട്ടില്‍ സംസ്‌കാരം നിശ്ചയിച്ചു. എന്നാല്‍ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവെച്ചു. ആശയുടെ വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
ആശയും സന്തോഷും 12 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവരുടെ ആണ്‍മക്കള്‍ക്ക് പത്തും നാലും വയസാണ് പ്രായം. ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ആശയുടെ കുടുംബം ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നും ഇവര്‍ പറയുന്നു.