ശശി തരൂരുമായി ബന്ധപ്പെട്ട വിവാദ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍. താന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ഓണ്‍ ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖമാണ് വിവാദമായത്. ഇതില്‍ ശശി തരൂരിന്റെ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുധാകരന്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ശശി തരൂരുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഒരു വിവാദവും ഇല്ലെന്നും, പാര്‍ട്ടിയുടെ പൊതുനിലപാടാണ് താന്‍ പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.
എല്ലാ മര്യാദകളും ലംഘിക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ലേഖിക വാര്‍ത്തയാക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ശശി തരൂരുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ യാതൊരു വിധ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.
ശശി തരൂര്‍ പാര്‍ട്ടി ചട്ടക്കൂട്ടിനകത്ത് നില്‍ക്കാതെ സമാന്തര പ്രവര്‍ത്തനം നടത്തുകയാണെന്നും, നേതൃത്വവുമായി യാതൊരു വിധ കൂടിയാലോചനകളും നടത്തുന്നില്ലെന്നും, പല ജില്ലകളിലും ജില്ലാ നേതൃത്വം പോലും അറിയാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നുമായിരുന്നു സുധാകരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.
അതേ സമയം, താന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് വ്യക്തമാക്കുമ്പോഴും അഭിമുഖം പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സുധാകരന്‍ തയ്യാറാവുന്നില്ല. സ്വകാര്യമായി പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയാക്കി എന്ന ആരോപണം ഉയര്‍ത്തുമ്പോഴും ഇതൊന്നും പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ നിഷേധിക്കുന്നില്ല. അഭിമുഖത്തില്‍ ഉറച്ചു നില്‍ക്കുന്നുവോ എന്ന ചോദ്യത്തോട് പ്രതി കരിക്കാനും സുധാകരന്‍ തയ്യാറായില്ല.
ശശി തരൂരിന്റെ നിലപാടുകള്‍ക്കെതിരെ അഭിമുഖത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ശശി തരൂരിനെ പിന്‍തുണക്കുന്ന നിലപാടാണ് സുധാകരന്‍ ഇപ്പോഴും കൈക്കൊള്ളുന്നത്. ശശി തരൂരിന് ഒപ്പം നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ വലിയൊരു ഭാഗം സുധാകരനുമായി അടുപ്പം സൂക്ഷിക്കുന്നവരാണ്. വടക്കെ മലബാറില്‍ എം.കെ.രാഘവനുമൊത്ത് ശശി തരൂരിന്റെ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് റിജില്‍ മാക്കുറ്റിയാണ്. കണ്ണൂരില്‍ നടന്ന ശശി തരൂരിന്റെ രണ്ടു പരിപാടികളും വന്‍ വിജയമായിരുന്നു. എം.കെ.രാഘവന്‍ നേരത്തെ എ ഗ്രൂപ്പിലായിരുന്നുവെങ്കിലും ഇപ്പോള്‍ കെ.പി.സി.സി പ്രസിഡണ്ടുമായി നല്ല ബന്ധത്തിലാണ്. കെ.സുധാകരന്റെ അനുവാദത്തോടെയാണ് ശശി തരൂരിന് പിന്‍തുണ നല്‍കുന്നതെന്ന് നേരത്തെ തന്നെ റിജില്‍ മാക്കുറ്റി വ്യക്തമാക്കിയിരുന്നു. വിവാദ അഭിമുഖത്തിലും ശശി തരൂരിന്റെ വ്യക്തിപ്രഭാവത്തെ സുധാകരന്‍ അംഗീകരിക്കുകയും അദ്ദേഹം പാര്‍ട്ടിയുടെ അസറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)