തിരുവനന്തപുരം- വിവാഹത്തിന് വധുവിന് നല്‍കാവുന്ന സമ്മാനത്തിന് പരിധി നിശ്ചയിച്ച് സര്‍ക്കാറിന്റെ പരിഷ്‌ക്കാരം. സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വധുവിന് രക്ഷിതാക്കള്‍ നല്‍കുന്ന പരമാവധി സമ്മാനം ഒരു ലക്ഷം രൂപയും പത്ത് പവനുമായിരിക്കണം. വിവാഹത്തിന് മുമ്പ് വധുവിനും വരനും കൗണ്‍സലിങ് നല്‍കിയിരിക്കണമെന്നതും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. അവര്‍ക്കു പുറമേ വധൂവരന്മാരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കാന്‍ ആലോചനയിലുണ്ട്.
സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശകളിലാണ് ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്. കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ ശിപാര്‍ശ നല്‍കിയത്.
ഹൈസ്‌കൂള്‍ മുതല്‍ പാഠപുസ്തകങ്ങളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, പോക്‌സോ നിയമം എന്നിവ ഉള്‍ക്കൊള്ളുന്ന അധ്യായങ്ങള്‍ ഉണ്ടാകണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.
വിവാഹത്തിന് വധുവിന് നല്‍കുന്ന മറ്റു സാധനങ്ങള്‍ കാല്‍ലക്ഷം കൂടാന്‍ പാടില്ല, ബന്ധുക്കള്‍ പരമാവി കാല്‍ലക്ഷം രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാന്‍ പാടുള്ളു, വധുവിന് ലഭിക്കുന്ന സമ്മാനങ്ങള്‍ ഉപയോഗിക്കാന്‍ വധുവിന് മാത്രമായിരിക്കും അവകാശം, വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തിയിരിക്കുക, വിവാഹ റജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക സമര്‍പ്പിക്കുക, വിവാഹ റജിസ്‌ട്രേഷന്‍ അപേക്ഷയ്‌ക്കൊപ്പം കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുമ്പിലുണ്ട്.