Sorry, you need to enable JavaScript to visit this website.

ബ്രിജ്ഭൂഷണ്‍ വിട്ടുനില്‍ക്കും, ഗുസ്തി സമരം അവസാനിപ്പിച്ചു

ന്യൂദല്‍ഹി - സര്‍ക്കാരും സ്‌പോര്‍ട്‌സ് മന്ത്രാലയവും ഉറപ്പ് നല്‍കിയതോടെ ജന്തര്‍ മന്ദറിലെ സമരം അവസാനിപ്പിക്കുന്നതായി ദേശീയ ഗുസ്തി താരങ്ങള്‍. ബി.ജെ.പി എം.പി കൂടിയായ റസലിംഗ് ഫെഡറേഷന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക, സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദേശീയ ഗുസ്തി താരങ്ങള്‍ നാലു ദിവസമായി താരങ്ങള്‍ സമരം നടത്തിയത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്, സാക്ഷി മാലിക് ഉള്‍പ്പെടെ താരങ്ങള്‍ മാധ്യമങ്ങളെ കണ്ടത്. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നടപ്പാക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. അതുവരെ ബ്രിജ്ഭൂഷണ്‍ വിട്ടുനില്‍ക്കും. അന്വേഷണക്കമ്മിറ്റിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാലാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കും. 
മന്ത്രിയുമായി നേരത്തെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷ പി.ടി. ഉഷ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ കത്തെഴുതിയിരുന്നു. വിനേഷ് ഫോഗട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങളാണ് കത്തില്‍ ഒപ്പുവെച്ചത്. ബജ്‌റംഗ് ലൈംഗികപീഡനം നടത്തിയെന്നാണ് താരങ്ങളുടെ ആരോപണം. ബജ്‌റംഗ് രാജി വെക്കണമെന്നും അടിയന്തരമായി അദ്ദേഹത്തിനെതിരായ ലൈംഗിക, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ദല്‍ഹി ജന്തര്‍ മന്ദറില്‍ താരങ്ങളുടെ സമരം തുടരുകയാണ്. 
ഇരുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി ബ്രിജ്ഭൂഷണ്‍ പീഡിപ്പിച്ചതായി വിനേഷ് ഫോഗട് ആരോപിച്ചു. ഒളിംപിക് മെഡല്‍ നേടാത്തതിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന മാനസിക പീഡനം കാരണം ആത്മഹത്യ ആലോചിച്ചുവെന്ന് വിനേഷ് പറഞ്ഞു. എന്നാല്‍ ലൈംഗികാരോപണം തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല. വെള്ളിയാഴ്ച ഉച്ചക്ക് പത്രസമ്മേളനം വിളിച്ച് തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് ബ്രിജ്ഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം പത്രസമ്മേളനം റദ്ദാക്കി. കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹത്തിന്റെ മകന്‍ ഞായറാഴ്ച പിതാവ് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചു.
 

Latest News