Sorry, you need to enable JavaScript to visit this website.

ജസിന്തയുടെ പിൻഗാമിയായി; ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിലെ പുതിയ പ്രധാനമന്ത്രി

വെല്ലിംഗ്ടൺ - ജസിന്ത ആർഡണിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് അധികാരമേൽക്കും. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പോലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. 2008-ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തിയത്. 2020 നവംബറിൽ കോവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിൻസ് ആയിരുന്നു. ന്യൂസിലൻഡിന്റെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കുമെന്ന് ലേബർ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ 41-മത് പ്രധാനമന്ത്രിയായാണ് ക്രിസ് ചുമതലയേൽക്കുക. 
 ഈമാസം 19-നാണ് രാജ്യത്തെ ഞെട്ടിച്ച് അധികാരകേന്ദ്രത്തിൽനിന്ന് വിട പറയുകയാണെന്ന് ജസീന്ത ആർഡേൺ പഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയോടൊപ്പം ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെന്ന് അവർ അറിയിക്കുകയായിരുന്നു. ഒക്ടോബർ 14ന് ന്യൂസിലാൻഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി ജസീന്തയുടെ രാജിപ്രഖ്യാപനം.
 'എനിക്ക് സമയമായി' എന്നാണ് ജസീന്ത ലേബർ പാർട്ടി അംഗങ്ങളോട് പറഞ്ഞത്. അടുത്ത ഒരു തെരഞ്ഞെടുപ്പിൽ കൂടി പാർട്ടിയെ നയിക്കാനുള്ള ഊർജമില്ല. 2022ന്റ അവസാനത്തോടെ തന്നെ പദവിയിൽ തുടരണോയെന്നത് താൻ ആലോചിച്ചിരുന്നതായി ജസീന്ത പറഞ്ഞു. ഭാവി പരിപാടിയെ കുറിച്ച് വേനൽക്കാല അവധിക്ക് ശേഷം തീരുമാനിക്കും. രാജ്യത്തെ നയിക്കുകയെന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. അതോടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞതുമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് താൻ കരുതുന്നുവെന്നും അടുത്ത ലേബർ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. 
 2017ൽ 37-ാം വയസിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ ലോകത്തിലെ പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയായിരുന്നു ജസീന്ത. പ്രധാനമന്ത്രിയായിരിക്കെ അവർ ഒരു കുഞ്ഞിന് ജന്മം നൽകി. ജസീന്തയുടെ നേതൃത്വത്തിലാണ് ന്യൂസിലാൻഡ് കോവിഡ് മഹാമാരിയെ നേരിട്ടത്. ക്രിസ്റ്റ് ചർച്ച് ഭീകരാക്രമണവും അഗ്‌നിപർവത സ്‌ഫോടനം പോലുള്ളവയെ ന്യൂസിലാൻഡ് നേരിട്ടതും അവരുടെ ഭരണകാലത്താണ്.  ഫെബ്രുവരി 7ന് ശേഷം ആർഡേണിന്റെ കാലാവധി അവസാനിക്കും. അതിനിടെ, അടുത്ത ലേബർ നേതാവായി മത്സരിക്കാൻ ശ്രമിക്കില്ലെന്ന് ധനമന്ത്രി കൂടിയായ ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബർട്ട്‌സൺ വ്യക്തമാക്കുകയുണ്ടായി.

Latest News