Sorry, you need to enable JavaScript to visit this website.

കോടതി പോലും ചെയ്യുന്നു, ചുമട്ടു തൊഴിലാളികളെ അപഹസിക്കുന്നത് അംഗീകരിക്കാനാവില്ല- ചെന്നിത്തല

തൃശൂര്‍- കോടതി പോലും ചുമട്ടുതൊഴിലാളികളെ അപഹസിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും  മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ചുമട്ടുതൊഴിലാളികള്‍ എല്ലാവരും നോക്കുകൂലി വാങ്ങിക്കുന്നവരാണെന്ന തരത്തിലുള്ള അപഹാസ്യ കമന്റുകള്‍ ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോക്കുകൂലിയെ കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും അംഗീകരിക്കുന്നില്ല. എവിടെയെങ്കിലും അത്തരം സംഭവങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തും. അതിന് പകരം ചുമടെടുക്കുന്ന മുഴുവന്‍ തൊഴിലാളികളും നോക്കുകൂലി വാങ്ങിക്കുന്നു എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. കോടതി പോലും ചുമട്ടുതൊഴിലാളികളെ അപഹസിക്കുന്ന കമന്റുകള്‍ പാസാക്കുന്നു.
വെയിലത്തും മഴയത്തും ചുമടെടുത്ത് ജീവിതം പുലര്‍ത്തുന്നവരുടെ ജീവിത പ്രയാസങ്ങള്‍ മനസ്സിലാക്കാതെയാണ് ഇത്തരക്കാര്‍ ശീതീകരിച്ച മുറികളിലിരുന്ന് തൊഴിലാളികളെ അപഹസിക്കുന്നതും ആക്ഷേപിക്കുന്നതും. അതിനെ ഐ.എന്‍.ടി.യു.സി ശക്തമായി പ്രതിരോധിക്കും.
ചുമട്ടു തൊഴില്‍ രംഗത്ത് ഇന്ന് അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്ക് ചുമട്ടു തൊഴില്‍ നിയമ ഭേദഗതി വരുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.വര്‍ഷങ്ങളായി തൊഴില്‍ ചെയുന്ന മേഖലകളില്‍  ചില ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടക്കം തൊഴില്‍ കാര്‍ഡ് അനുവദിച്ചു കൊണ്ട് ഈ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നടപടിക്കെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സമ്മേളനം മുന്നറിപ്പ് നല്‍കി. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News