Sorry, you need to enable JavaScript to visit this website.

ഈ മിടുക്കനെ ലോകം മുഴുവന്‍ അറിയണം; മുഹമ്മദ് യാസീന് അഭിനന്ദനവുമായി രതീഷ് വേഗ

മുഹമ്മദ് യാസീനൊപ്പം രതീഷ് വേഗയും പ്രതിഭ എംഎല്‍എയും

ആലപ്പുഴ- കണ്ണുകെട്ടി കീബോര്‍ഡ് വായിക്കുന്ന ജന്മനാ കൈകാലുകള്‍ക്ക് വൈകല്യമുള്ള മുഹമ്മദ് യാസീന്‍ എന്ന കൊച്ചു മിടുക്കനെ കാണുവാന്‍ പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ കായംകുളത്തെത്തി.
മനോഹരമായി നൃത്തം ചെയ്യാനും കഴിയുന്ന മുഹമ്മദ് യാസീനെ, പ്രയാര്‍ കെ എന്‍ എം യുപി സ്‌കൂളിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിഭ എംഎല്‍എ  പരിചയപ്പെടുത്തി. കൊച്ചു മിടുക്കന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ മന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ മുഹമ്മദ് യാസീനെ കുറിച്ച് കുറിപ്പ് എഴുതി.
നിരവധി പേരാണ് ഈ പോസ്റ്റിന് ലൈക്കും ഷെയറും ആയി എത്തിയത്. പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ മന്ത്രിയുടെ പോസ്റ്റില്‍ ഇങ്ങനെ അടിക്കുറിപ്പ് എഴുതി. വലിയ ഒരു അവസരം ഒരുക്കണം. ലോകം അറിയാന്‍ കഴിയണം. കൂടെയുണ്ട് സര്‍ എന്നായിരുന്നു ആ കുറിപ്പ്. കോവിഡ് കാലത്ത് വാപ്പ വാങ്ങിക്കൊടുത്ത 250 രൂപയുടെ ചെറിയ കളിപ്പാട്ട പിയാനയിലൂടെ ആയിരുന്നു യാസിന്റെ പരിശീലനം. ഇപ്പോള്‍ ഏത് ഗാനവും യാസീന്‍ കീബോര്‍ഡില്‍ വായിക്കും. നിരവധി സ്‌റ്റേജ് പരിപാടികളും  ചാനല്‍ ഷോകളിലും യാസീന്‍ പങ്കെടുത്തിട്ടുണ്ട്. കണ്ണുവെട്ടി കീബോര്‍ഡില്‍ ദേശീയ ഗാനവും ദേശീയ ഗീതവും ഏറ്റവും കുറഞ്ഞ സമയമായ രണ്ട് മിനിട്ടും 58 സെക്കന്‍ഡില്‍ വായിച്ചതിന് ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്  അംഗീകാരത്തിനായി യാസീന്‍ പരിഗണിക്കപ്പെട്ടിരിക്കുകയാണ്. കായംകുളം പ്രയാര്‍ വടക്ക് എസ് എസ് മന്‍സിലില്‍ ഷാനവാസ്, ഷൈല ദമ്പതികളുടെ മൂത്ത മകനായ മുഹമ്മദ് യാസീന്‍ (10) അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. അനുജന്‍ അല്‍ അമീന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഈ അത്ഭുത പ്രതിഭയെ ലോകത്തിന്റെ മുന്നില്‍ എത്തിക്കുവാന്‍ എല്ലാ പരിശ്രമവും നടത്തുമെന്നുറപ്പ് നല്‍കിയാണ് രതീഷ് വേഗ യാത്ര പറഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News