മണ്ണഞ്ചേരി (ആലപ്പുഴ) - കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും പഞ്ചായത്ത് 21-ാം വാർഡ് പനക്കൽ മസ്ജിദിന് സമീപം കോഴിപ്പറമ്പിൽ സിയാദ്-സഫീല ദമ്പതികളുടെ മകളുമായ സഫ്ന സിയാദ് (15) ആണ് മരിച്ചത്. ആലപ്പുഴ തണ്ണീർമുക്കം റോഡിൽ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
സ്വകാര്യ ബസിലെ യാത്ര കഴിഞ്ഞിറങ്ങി ട്യൂഷൻ സെന്ററിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവേ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് കുട്ടിയെ ഇടിച്ചിടുകയായിരുന്നു. തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയതിനാൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സഫീദ് ഏക സഹോദരനാണ്. ഖബറടക്കം ഞായറാഴ്ച മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ പോലീസ് കേസെടുത്തു.