റമല്ല- ഫലസ്തീനിൽ ഇസ്രായിൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പന്ത്രണ്ടു ദിവസത്തിനിടെ ഇസ്രായിൽ സൈന്യം പത്തു ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നു പേർ കുട്ടികളാണ്. ജനുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് ഫലസ്തീനികൾക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഭീരുക്കളും, കൊലപാതകം നടത്തുന്നവരുമായ അധിനിവേശ ശക്തികൾക്കെതിരെ ഇടപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസുദ്ദീൻ ബാസെം ഹമാംറ (24), അംജദ് അദ്നാൻ ഖലീലിയ (23) എന്നിവരാണ് ഇന്ന് കൊല്ലപ്പെട്ടത്. ഈ മാസമാദ്യം ഇസ്രായേൽ സേനയുടെ വെടിയേറ്റ് പരിക്കേറ്റ 19 കാരനായ യാസെൻ സമർ ജാബാരിയും മരിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. ജനുവരി 2 ന് ജെനിനിനടുത്തുള്ള കാഫ്ർ ദാൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ഓപ്പറേഷനിലാണ് സമാർ ജബാരിക്ക് പരിക്കേറ്റത്.
അതിനിടെ, കഴിഞ്ഞ മാസം വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളുടെ 124 വീടുകളും സ്ഥാപനങ്ങളും ഇസ്രായിൽ സൈന്യം ഇടിച്ചുനിരത്തിയതായി ഫലസ്തീൻ മനുഷ്യാവകാശ കേന്ദ്രം അറിയിച്ചു. ഫലസ്തീനികളുടെ 55 വീടുകളും 69 സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളുമാണ് ഡിസംബറിൽ ഇസ്രായിൽ അധികൃതർ ഇടിച്ചുനിരത്തിയത്. ഇക്കൂട്ടത്തിൽ ചില വീടുകളും സ്ഥാപനങ്ങളും സ്വന്തം കൈകളാൽ പൊളിക്കാൻ ഉടമമകളെ ഇസ്രായിൽ സൈന്യം നിർബന്ധിച്ചു.
കഴിഞ്ഞ ദിവസം ഹെബ്രോൺ നഗരത്തിന് തെക്ക് മുസാഫിർ യത്താ എന്ന പ്രദേശത്ത് അതിക്രമിച്ചു കയറിയ ഇസ്രായിൽ സൈന്യം അഞ്ചു വീടുകൾ പൊളിക്കാനും മൂന്നു കിണറുകൾ നശിപ്പിക്കാനും തീരുമാനിച്ച കാര്യം ഉടമകളെ അറിയിച്ചു. ജെറീക്കോക്ക് വടക്ക് വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കും ഫലസ്തീനികളുടെ സ്വത്തുവകകൾക്കും നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി അൽജഫ്തലക് ഗ്രാമത്തിൽ ഫലസ്തീനികളുടെ വിശാലമായ കൃഷിയിടങ്ങൾ ജൂത കുടിയേറ്റക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് നശിപ്പിച്ചു. ഖൽഖിലിയയിൽ ഫലസ്തീനി കർഷകരുടെ ഡസൻ കണക്കിന് ഒലീവ് മരങ്ങൾ ജൂത കുടിയേറ്റക്കാർ പിഴുതെറിയുകയും ചെയ്തതായി ഫലസ്തീൻ മനുഷ്യാവകാശ കേന്ദ്രം പറഞ്ഞു.
അൽഅഖ്‌സ മസ്ജിദിനെതിരായ കൈയേറ്റങ്ങൾ ഇസ്രായിൽ സൈന്യവും ജൂത കുടിയേറ്റക്കാരും വർധിപ്പിച്ചതായി ഫലസ്തീൻ ഔഖാഫ്, മതകാര്യ മന്ത്രാലയം പറഞ്ഞു. 2022 ൽ അൽഅഖ്‌സ മസ്ജിദ് കോംപൗണ്ടിൽ ഇസ്രായിൽ സൈന്യവും കുടിയേറ്റക്കാരും 262 തവണ അതിക്രമിച്ചുകയറി. കഴിഞ്ഞ കൊല്ലം 48,000 ലേറെ ജൂത കുടിയേറ്റക്കാർ വിശുദ്ധ മസ്ജിദിൽ അതിക്രമിച്ചുകയറി. അൽഅഖ്‌സ മസ്ജിദും പുരാതന ജറൂസലമും ജൂതവൽക്കരിക്കാനുള്ള ആറു അപകടകരമായ പദ്ധതികളും കഴിഞ്ഞ വർഷം ഇസ്രായിൽ നടപ്പാക്കാൻ ശ്രമിച്ചു.
കഴിഞ്ഞ കൊല്ലം ഹെബ്രോണിലെ ഇബ്രാഹിം മസ്ജിദിൽ 613 തവണ ബാങ്ക് വിളി ഇസ്രായിൽ സൈന്യം വിലക്കി. പത്തു ദിവസം ഇബ്രാഹിം മസ്ജിദ് ഇസ്രായിൽ സൈന്യം അടപ്പിച്ചു. വെസ്റ്റ് ബാങ്കിലെ മറ്റു 24 മസ്ജിദികുൾക്കു നേരെയും ഇസ്രായിൽ കൈയേറ്റങ്ങൾ നടത്തി. അൽഅഖ്‌സ മസ്ജിദ് കോംപൗണ്ടിൽ സംഘടിത പ്രാർഥനക്ക് ജൂത കുടിയേറ്റക്കാർക്ക് ഇസ്രായിൽ അനുമതി നൽകിയതോടെ കുടിയേറ്റക്കാർ അൽഅഖ്‌സയിൽ പലതവണ സംഘടിത പ്രാർഥനകൾ നിർവഹിച്ചു.
അൽഅഖ്‌സ മസ്ജിദിൽ ഇസ്രായിൽ സൈന്യത്തിന്റെയും ജൂത കുടിയേറ്റക്കാരുടെയും അതിക്രമിച്ചുകയറൽ വർധിച്ചിട്ടുണ്ട്. ജൂതന്മാരുടെ വ്യത്യസ്ത ആഘോഷ പരിപാടികൾക്കിടെ അൽഅഖ്‌സ മസ്ജിദും പരിസര പ്രദേശങ്ങളും ഇസ്രായിൽ സൈനിക ബാരക്ക് ആക്കി മാറ്റുകയാണ്. ഇസ്രായിലികളുടെ ചടങ്ങുകൾക്കിടെ അൽഅഖ്‌സയിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നവരെ ഇസ്രായിൽ സൈന്യം മർദിക്കുകയും അറസ്റ്റ് ചെയ്യുകയും അൽഅഖ്‌സ കോംപൗണ്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. അൽഅഖ്‌സ കോംപൗണ്ടിലും ഇതിനു താഴെയും ഇസ്രായിൽ നടത്തുന്ന ഖനനങ്ങളുടെ ഫലമായി അൽഅഖ്‌സയിലെ പഴയ നമസ്‌കാര സ്ഥലത്തെ തൂണുകളിൽ ഒന്നിൽ നിന്ന് മണ്ണുകൾ അടർന്നുവീണതായും ഫലസ്തീൻ ഔഖാഫ്, മതകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പറഞ്ഞു.