ഹൈദരാബാദ് - ദേശീയ തലത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദൽ ഒരുക്കുന്നതിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു സംഘടിപ്പിക്കുന്ന ബഹുജന റാലിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നാല് മുഖ്യമന്ത്രിമാർ പങ്കെടുക്കും. പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും. ഈമാസം 18ന് ബുധനാഴ്ച തെലങ്കാനയിലെ ഖമ്മത്ത് വച്ചാണ് റാലി.
തെലങ്കാന രാഷ്ട്ര സമിതിയെ (ടി.ആർ.എസിനെ) ഭാരത് രാഷ്ട്രീയ സമിതിയാക്കിയതിനു ശേഷമുള്ള ആദ്യ ബഹുജന റാലിയാണിത്. 2024ൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുകയാണ് കെ.സി.ആറിന്റെ ലക്ഷ്യം. ഫെഡറലിസത്തിനും കർഷകർക്കുമെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനങ്ങളെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് ബി.ആർ.എസ് റാലിയെ വിശേഷിപ്പിക്കുന്നത്.
കേന്ദ്രസർക്കാരിനെതിരെ സമാന മനസുള്ളവരെ ഒന്നിച്ചു നിർത്തുകയാണ് റാലിയിലൂടെ ബി.ആർ.എസ് പ്രധാനമായും ആഗ്രഹിക്കുന്നത്. ദേശീയ തലത്തിൽ ബി.ജെ.പിയോടൊപ്പം കോൺഗ്രസിന്റെയും വളർച്ച ആഗ്രഹിക്കാത്തതിനാലാണ് റാലിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതിരിക്കാൻ കാരണമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
പിണറായി വിജയനെ കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ദ് സോറൻ എന്നിവരും റാലിയിൽ പങ്കെടുക്കും. സമാജ്‌വാദി പാർട്ടി അധ്യക്ഷനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവും കർണ്ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാര സ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. അഞ്ചുലക്ഷം പേർ റാലിയിൽ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ എട്ടുവർഷത്തിനിടെ തെലങ്കാനയിൽ അസാധ്യമെന്ന് കരുതിയ പല മുന്നേറ്റങ്ങളും ഉണ്ടാക്കാനായ തങ്ങൾക്ക് സമീപ ഭാവിയിൽ ദേശീയ തലത്തിൽ അതിന്റെ തനിയാവർത്തനം സാധിക്കുമെന്നാണ് കെ.സി.ആറിന്റെയും കൂട്ടരുടെയും പ്രതീക്ഷ.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ആം ആദ്മി പാർട്ടിക്കും ബി.ആർ.എസിനും ക്ഷണിമില്ലെന്നിരിക്കെ തിരിച്ചും അതേ സമീപനമാണ് തെലങ്കാന സർക്കാറിനെ നയിക്കുന്ന ബി.ആർ.എസും സ്വീകരിച്ചത്. പിണറായി വിജയനും ചന്ദ്രശേഖര റാവുവും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് സി.പി.എം ഉൾപ്പെടെ രാജ്യത്തെ മിക്ക പ്രതിപക്ഷ പാർട്ടികൾക്കും ക്ഷണമുണ്ട്. എന്നാൽ ബി.ജെ.പിയുടെ ബി ടീം എന്ന നിലയ്ക്ക് ആം ആദ്മി പാർട്ടിയെയും സംഘപരിവാർ വിരുദ്ധതയേക്കാൾ കോൺഗ്രസ് വിരുദ്ധ സമീപനം തുടരുന്നതിനാൽ ചന്ദ്രശേഖറ റാവുവിന്റെ ബി.ആർ.എസിനെയും കോൺഗ്രസ് പ്രതിപക്ഷത്തിന്റെ വിശാല ക്യാൻവാസിൽ പൂർണമായും ഉൾക്കൊണ്ടിട്ടില്ല.