ഖത്തറിന്റെ വർഷമായിരുന്നു കടന്നുപോയത്. ലോകകപ്പ് ഫുട്‌ബോൾ ഈ ചെറുരാജ്യത്തെ മാസങ്ങളോളം ലോകത്തിന്റെ കേന്ദ്ര ബിന്ദുവാക്കി നിർത്തി. പുതിയ വർഷം സൗദി അറേബ്യയുടേതായിരുന്നു. ദകാർ റാലിയോടെയാണ് സൗദി 2023 തുടങ്ങിയത്. ക്രിസ്റ്റ്യാനൊ റൊണാൾഡോയെ അന്നസ്ർ ക്ലബ്ബ് ടീമിലുൾപ്പെടുത്തുന്നതു കണ്ടാണ് ലോക ഫുട്‌ബോൾ പുതുവർഷത്തിലേക്ക് കാലെടുത്തു വെച്ചത്. ലിയണൽ മെസ്സിയും കീലിയൻ എംബാപ്പെയും നെയ്മാറും കരീം ബെൻസീമയും ഈഡൻ ഹസാഡും എഡിൻസൻ കവാനിയും ലൂക്ക മോദ്‌റിച്ചുമൊക്കെ ജനുവരി രണ്ടാം വാരമാവുമ്പോഴേക്കും സൗദി മണ്ണലിറങ്ങി.
ഹോക്കി ലോകകപ്പുമായാണ് ഇന്ത്യ പുതുവർഷം തുടങ്ങിയത്. ഒഡിഷയിൽ വെള്ളിയാഴ്ച ടൂർണമെന്റ് ആരംഭിച്ചു. മറ്റൊരു ലോകകപ്പിന് കൂടി ഇന്ത്യ വേദിയൊരുക്കും. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് പുതുവർഷത്തിന്റെ കായിക കാഹളം മുഴങ്ങിയത്. പതിനഞ്ചാമത് ഹോക്കി ലോകകപ്പ് രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കും. നാലു വർഷത്തിലൊരിക്കൽ ഇന്റർനാഷനൽ ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ലോകകപ്പ് അരങ്ങേറുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലും റൂർക്കലയിൽ പണിയുന്ന ബിർസ മുണ്ട ഇന്റർനാഷനൽ ഹോക്കി സ്‌റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. 16 ടീമുകൾ പങ്കെടുക്കുന്നു. ഓസ്‌ട്രേലിയ, അർജന്റീന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക (പൂൾ എ), ബെൽജിയം, ജർമനി, തെക്കൻ കൊറിയ, ജപ്പാൻ (പൂൾ ബി), നെതർലാന്റ്‌സ്, ന്യൂസിലാന്റ്, മലേഷ്യ, ചിലെ (പൂൾ സി), ഇന്ത്യ, ഇംഗ്ലണ്ട്, സ്‌പെയിൻ, വെയ്ൽസ് (പൂൾ ഡി) ടീമുകൾ. ടൂർണമെന്റിനായി ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയമാണ് റൂർക്കലയിൽ ഒരുങ്ങുന്നത്.
വർഷാന്ത്യത്തോടെ മറ്റൊരു ലോകകപ്പിന് കൂടി ഇന്ത്യ സാക്ഷിയാവും. പതിമൂന്നാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുക. ഉദ്ഘാടനത്തീയതി നിശ്ചയിച്ചിട്ടില്ല. 2019 ൽ അവസാനം വരെ നാടകീയമായ ഫൈനലിൽ ന്യൂസിലാന്റിനെ ബൗണ്ടറിയെണ്ണത്തിൽ തോൽപിച്ചാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. ഏഴാഴ്ച നീളുന്ന ടൂർണമെന്റിൽ 10 ടീമുകൾ മാറ്റുരക്കും. സൂപ്പർ ലീഗുകളിലൂടെ യോഗ്യത നേടുന്ന ഏഴു ടീമുകളും ആതിഥേയരായ ഇന്ത്യയുമാണ് നേരിട്ട് ടൂർണമെന്റിനെത്തുക. സിംബാബവെയിൽ ജൂണിൽ തുടങ്ങുന്ന യോഗ്യതാ ടൂർണമെന്റിൽ ഫൈനലിലെത്തുന്ന രണ്ട് ടീമുകളും പങ്കെടുക്കും.
ഈ വർഷം പാക്കിസ്ഥാനിൽ ഏഷ്യ കപ്പും നിശ്ചയിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നാണ് ബി.സി.സി.ഐ നൽകിയ സൂചന. എങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാനും മുന്നറിയിപ്പ് നൽകി. കളിക്കളത്തിലും കളത്തിനു പുറത്തും വലിയ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ് ഓഗസ്റ്റിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ അരങ്ങേറും. ഈ വർഷം മികച്ച അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട അർമാൻഡ് ഡുപ്ലാന്റിസും (പോൾവോൾട്) സിഡ്‌നി മകലഫ്‌ലിനും (400 മീ. ഹർഡിൽസ്) തകർപ്പൻ ഫോം നിലനിർത്തുമോയെന്നാണ് കണ്ടറിയേണ്ടത്. രണ്ടു വർഷത്തിലൊരിക്കലാണ് ലോക അത്‌ലറ്റിക് മീറ്റ് നടക്കേണ്ടത്. എന്നാൽ കോവിഡ് കാരണം കഴിഞ്ഞ ലോക മീറ്റ് വൈകി. ഈ വർഷമാണ് അരങ്ങേറിയത്. മുപ്പത്താറാം വയസ്സിൽ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രെയ്‌സർ പ്രൈസ് ട്രാക്കിലിറങ്ങുമോയെന്ന് ആരാധകർ ഉറ്റുനോക്കും. അഞ്ച് തവണ 100 മീ. ലോക ചാമ്പ്യനായിട്ടുണ്ട് ജമൈക്കക്കാരി.
വനിത ഫുട്‌ബോൾ ലോകകപ്പിന് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഓസ്‌ട്രേലിയയും ന്യൂസിലാന്റും വേദിയൊരുക്കും. അമേരിക്കയുടെ കുത്തക തകർക്കാൻ യൂറോപ്യൻ ടീമുകൾ തയാറെടുക്കുകയാണ്. കഴിഞ്ഞ എട്ട് ലോകകപ്പുകളിൽ നാലും നേടിയത് അമേരിക്കയാണ്. അവസാന രണ്ടുൾപ്പെടെ. എന്നാൽ ഈ വർഷം അമേരിക്കയെ ജർമനിയും ഇംഗ്ലണ്ടും സ്‌പെയിനുമൊക്കെ തോൽപിച്ചിട്ടുണ്ട്. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്റിലെയും ഒമ്പത് നഗരങ്ങളിൽ മത്സരങ്ങൾ നടക്കും.
വനിത ട്വന്റി20 ലോകകപ്പ് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. പുരുഷ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ തുർക്കിയിലെ ഇസ്താംബൂളിലാണ്.
ക്ലബ് ലോകകപ്പിന് മൊറോക്കോയിൽ പന്തുരുളും. ഫെബ്രുവരി ഒന്ന് മുതൽ 11 വരെ. ഏഴ് ഫെഡറേഷനുകളിലെ ചാമ്പ്യൻ ക്ലബ്ബുകൾ ക്ലബ്ബ് ലോകകപ്പിൽ മാറ്റുരക്കും. ഏഷ്യൻ ചാമ്പ്യന്മാർ സൗദി അറേബ്യയിലെ അൽഹിലാലാണ്. ലോക കോമ്പാറ്റ് ഗെയിംസ് സൗദി അറേബ്യയിലെ റിയാദിൽ ഒക്ടോബറിൽ അരങ്ങേറും.