രാജ്‌കോട് - ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സർഫറാസ് ഖാൻ മുൻ നായകൻ അനിൽ കുംബ്ലെയിൽ നിന്ന് ഇന്ത്യൻ ക്യാപ് സ്വീകരിച്ചപ്പോൾ ഒരു സാധാരണ കുടുംബത്തിന്റെ അസാധാരണ യാത്രയുടെ പരിസമാപ്തിയായിരുന്നത്. മക്കളായ സർഫറാസും മുശീർ ഖാനും മോയിൻ ഖാനും പിച്ച വെച്ചതു മുതൽ നൗഷാദിന്റെ സ്വപ്‌നമായിരുന്നു അവരിലൊരാൾ ഇന്ത്യക്കു കളിക്കണമെന്ന്. സർഫറാസ് ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുശീർ കഴിഞ്ഞയാഴ്ച അണ്ടർ-19 ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രധാന കളിക്കാരിലൊരാളായിരുന്നു. ടീം ഓഫ് ദ ടൂർണമെന്റിൽ സ്ഥാനം കിട്ടിയ ഓൾറൗണ്ടർ
സചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയുമൊക്കെ പേരെടുത്ത മുംബൈ ഹാരിസ് ഷീൽഡ് സ്‌കൂൾ ക്രിക്കറ്റിൽ സചിന്റെ റെക്കോർഡ് തകർത്താണ് പന്ത്രണ്ടാം വയസ്സിൽ സർഫറാസ് ഭാവി ഇന്ത്യൻ താരമായി വിശേഷിപ്പിക്കപ്പെട്ടത്. 439 റൺസാണ് അന്ന് സർഫറാസ് സ്‌കോർ ചെയ്തത്. 14 വർഷത്തിനു ശേഷം വിലപ്പെട്ട അർധ ശതകത്തോടെ സീനിയർ ഇന്ത്യൻ ടീമിൽ സർഫറാസ് അരങ്ങേറി. വിയർപ്പിന്റെയും രക്തത്തിന്റെയും കണ്ണീരിന്റെയും കടലാഴം കൊണ്ട് നൗഷാദ് ഖാൻ ഒരുക്കിക്കൊടുത്ത പാതയിലൂടെയാണ് സർഫറാസും അനുജന്മാരും സഞ്ചരിച്ചത്. വ്യാഴാഴ്ച സർഫറാസ് ഇന്ത്യൻ ക്യാപ് സ്വീകരിക്കുമ്പോൾ നിറഞ്ഞ കണ്ണുകളുമായി അബ്ബയും ഉമ്മയും രാജ്‌കോട് സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ടി.വി കമന്ററി സംഘത്തിൽ ഗസ്റ്റായി നൗഷാദ് പ്രത്യക്ഷപ്പെട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എഴുപതിന് മുകളിൽ ബാറ്റിംഗ് ശരാശരിയുണ്ടായിട്ടും സർഫറാസിന് ഇന്ത്യൻ പ്ലേയിംഗ് ഇലവനിലെത്താൻ കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പായിരുന്നു സർഫറാസിന്റെ കരിയർ. രാത്രിയുടെ കാത്തിരിപ്പുണ്ടെങ്കിലേ പുലരിയുടെ വെള്ളി വെളിച്ചം വന്നണയൂ എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.
മൂന്നാം വിക്കറ്റ് വീണ ശേഷം സർഫറാസ് കാത്തിരുന്നു. രോഹിത് ശർമയും രവീന്ദ്ര ജദേജയും തമ്മിലുള്ള 55 ഓവറിനും 204 റൺസിനും പാഡണിഞ്ഞ് കാവലിരുന്നു. നാലു മണിക്കൂറോളം. മൂന്ന് ബൗൺസറുകളുമായാണ് മാർക്ക് വുഡ് പുതിയ താരത്തെ സ്വീകരിച്ചത്. ഷോട് ബോളുകൾ കളിക്കാൻ പ്രയാസമുണ്ടെന്നു പറഞ്ഞാണ് സെലക്ടർമാർ ഇതുവരെ സർഫറാസിനെ കാത്തിരുത്തിയത്. റണ്ണെടുക്കും മുമ്പെ റിഹാൻ അഹമ്മദിന്റെ ബൗളിംഗിൽ പുറത്തായോയെന്ന് മൂന്നാം അമ്പയർ പരിശോധിച്ചു. ക്രമേണ ആശങ്കയകന്നു. കളിക്കാരെ ബൗണ്ടറി ലൈനിൽ നിന്ന് പിൻവലിച്ച്, ഷോട്ട് കളിക്കാൻ സർഫറാസിനെ ഇംഗ്ലണ്ട് വെല്ലുവിളിച്ചു. നാലോവറിൽ നാല് ബൗണ്ടറി. ടോം ഹാർട്‌ലിയുടെ പന്ത് ഗ്രൗണ്ടിന് പുറത്ത്.
സർഫറാസ് ബാറ്റിംഗിന് വരുമ്പോൾ ജദേജ 84 റൺസെടുത്തിരുന്നു. സർഫറാസ് 48 പന്തിൽ അർധ ശതകം തികച്ചപ്പോൾ ജദേജ 96 ലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ജദേജ 99 ലെത്തുമ്പോഴേക്കും സർഫറാസ് 62 ലേക്ക് കുതിച്ചു.
ജദേജയുടെ വിളിയിൽ റണ്ണൗട്ടാവുന്ന ആദ്യത്തെ ബാറ്ററല്ല സർഫറാസ്. സചിൻ ടെണ്ടുൽക്കറും, അതും 175ലുള്ളപ്പോൾ, ഹാർദിക് പാണ്ഡ്യയുമൊക്കെ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒന്നു തിരിഞ്ഞുനോക്കി സർഫറാസ് ക്രീസ് വിട്ടു. അതൊക്കെ കളിയുടെ ഭാഗമാണെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യക്ക് കളിക്കണമെന്നായിരുന്നു അബ്ബുവിന്റെ സ്വപ്നം, അദ്ദേഹത്തിന് അത് സാധിച്ചില്ല. അബ്ബുവിന്റെ സ്വപ്‌നം എന്നിലൂടെ യാഥാർഥ്യമായി, ഇതെന്റെ അഭിമാന നിമിഷമാണ് -സർഫറാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.