Sorry, you need to enable JavaScript to visit this website.

ചെന്നിത്തലക്ക് തരൂരിന്റെ മറുപടി; 'മുഖ്യമന്ത്രിക്കോട്ട് തയ്ച്ചിട്ടില്ല, ആരാണ് തയ്ക്കുന്നതെന്ന് പറയുന്നവർ വ്യക്തമാക്കണം'

തിരുവനന്തപുരം - പ്രതിപക്ഷ മുൻ നേതാവ് രമേശ് ചെന്നിത്തലക്ക് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ മറുപടി. താൻ മുഖ്യമന്ത്രിക്കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്നും ആരാണ് കോട്ട് തയ്ക്കുന്നതെന്ന് ഇത് പറയുന്നവർ തന്നെ വ്യക്തമാക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. 
  ഇന്നലെ തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ സെന്ററിന്റെ നിർമാണ പ്രവർത്തനോദ്ഘാടന ചടങ്ങിൽ തരൂരിന്റെ പേര് പറയാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി തയ്ച്ചുവെച്ച കോട്ട് ഊരിവെക്കണമെന്ന് രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചിരുന്നു. 
 പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിത്. നാലുവർഷം കഴിഞ്ഞ് രാജ്യത്തും കേരളത്തിലും ആരൊക്കെ എന്തൊക്കെയാകുമെന്ന് ആർക്കുമറിയില്ല. അതിനാൽ ഞാൻ ഇന്നത് ആകുമെന്ന് ആരും ഇപ്പോൾ പറയേണ്ട. കോട്ട് തയ്ച്ചുവെച്ചിട്ടുള്ളവർ അത് ഊരിവെച്ച് പാർലമെൻറ് തെരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായി തരൂർ പ്രതികരിച്ചത്.
 താൻ 14 വർഷമായി ചെയ്യുന്ന കാര്യമാണ് ഇപ്പോഴും തുടരുന്നതെന്ന് തരൂർ പറഞ്ഞു. നാട്ടുകാർക്ക് എന്നെ കാണണമെന്ന് ആവശ്യമുണ്ടെങ്കിൽ സമയം അനുസരിച്ച് അത് ചെയ്യും. ഇത് എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്ന കാര്യമാണ്. എല്ലാ ക്ഷണവും സ്വീകരിക്കുന്ന പോലെ എൻ.എസ്.എസിന്റെ ക്ഷണവും സ്വീകരിച്ചു, പ്രസംഗിച്ചു. അതിൽ കൂടുതലൊന്നും പറയേണ്ട കാര്യമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
 മാധ്യമങ്ങൾ ഉയത്തിയ ശശി തരൂരിന്റെ മുഖ്യമന്ത്രിമോഹ വാർത്തകൾ കോൺഗ്രസിലെ ചില നേതാക്കളെ ചൊടിപ്പിച്ചിരുന്നു. എന്നാൽ താൻ അത്തരമൊരു  സ്വയം പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന് ചോദിച്ചപ്പോൾ പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലകളും നിർവഹിക്കുമെന്നാണ് പറഞ്ഞതെന്നും ആദ്യം ലോക്‌സഭയും ശേഷം 2026-ലാണ് നിയമസഭാ തെരഞ്ഞെടുപ്പുമെന്നാണ് പറഞ്ഞതെന്നും തരൂർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
 എന്ത് പറയാനുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ പറയണമെന്നായിരുന്നു് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ തരൂരിന്റെ പേര് പറയാതെ തിരുവനന്തപുരത്ത് പ്രസംഗിച്ചത്. പാർട്ടിയിൽ ചില അട്ടിമറി നീക്കങ്ങൾ നടക്കുന്നുണ്ട്. കോൺഗ്രസുകാർ പരസ്പരം പറയുന്നത് മാധ്യമങ്ങളിൽ ചർച്ചയാവാൻ ഇടയാക്കരുത്. പാർട്ടി കാര്യങ്ങളിൽ പുറത്തു പറയേണ്ടതും അല്ലാത്തതും ഏതെന്ന് എല്ലാവരും ചിന്തിക്കണമെന്നും വേണുഗോപാൽ ഓർമിപ്പിച്ചിരുന്നു.
 പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങൾ ആർക്കും ആഗ്രഹിക്കാമെങ്കിലും അത് പറഞ്ഞുനടക്കേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസനും പ്രസംഗിച്ചു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നേതാക്കൾക്ക് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാൽ,
ലോക്‌സഭയിലേക്ക് പരമാവധി സീറ്റുകളിൽ ജയിച്ചില്ലെങ്കിൽ ബാക്കി തെരഞ്ഞെടുപ്പുകളെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നായിരുന്നു കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പിയുടെ ഉപദേശമുണ്ടായത്. സ്ഥാനാർത്ഥികളെ ഹൈക്കമാൻഡാണ് തീരുമാനിക്കുക. അഭിപ്രായം പാർട്ടി വേദിയിൽ പറഞ്ഞാൽ മതി. നേതൃയോഗത്തിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ് മൊബൈൽ ഫോണുകൾ വാങ്ങിവെച്ചിട്ടും എല്ലാ കാര്യങ്ങളും പത്രങ്ങളിൽ വന്നതും മുരളീധരൻ ചൂണ്ടിക്കാട്ടി.
 എന്നാൽ, മുതിർന്ന പല നേതാക്കളും ശശി തരൂരിനെതിരെ ഒളിയമ്പുകൾ തൊടുത്തെങ്കിലും വേദിയിലുണ്ടായിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരക്ഷരം അതേക്കുറിച്ച് പറഞ്ഞിരുന്നില്ല. ശശി തരൂരും മറ്റു കോൺഗ്രസ് നേതാക്കളും വളരെ കരുതലോടെയാണ് വിഷയത്തെ സമീപിക്കുന്നത്. 
 അനാവശ്യ വിവാദങ്ങളിലൂടെ പാർട്ടിക്കും മുന്നണിക്കും പ്രതിസന്ധി ഉണ്ടാക്കരുതെന്നും എല്ലാവരുടെയും കഴിവുകൾ പാർട്ടിക്കായി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നുമുള്ള പൊതു നിലപാടിലാണ് മിക്ക നേതാക്കൾക്കുമുള്ളത്. അല്ലാത്തപക്ഷം അത് പാർട്ടിക്ക് വളരെ ക്ഷീണമുണ്ടാക്കുമെന്നും ശശി തരൂർ എന്നല്ല, പാർട്ടിയിലെ അഭ്യന്തര വിഷയങ്ങൾ വഷളാക്കുന്ന ഒരു സാഹചര്യവും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രതയാണ് നേതാക്കൾ ഓർമിപ്പിക്കുന്നത്.

Latest News