റിയാദ് - ഈ മാസം 19 ന് റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ്പ് മത്സരത്തിന്റെ ഗോള്‍ഡന്‍ ടിക്കറ്റിന് 93 ലക്ഷം റിയാലിന്റെ ഓഫര്‍ ലഭിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു. സൗദി വ്യവസായി മുഹമ്മദ് അല്‍മുനജ്ജിമിന്റെ ഉടമസ്ഥതയിലുള്ള അസൂം ടെക്‌നോളജി കമ്പനിയാണ് ടിക്കറ്റിന് 93 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തത്. സങ്കല്‍പത്തിനും അപ്പുറം എന്ന് പേരിട്ട ടിക്കറ്റിന് സൗദി വ്യവസായി ഖാലിദ് അല്‍മുശറഫ് 90 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തതായി തുര്‍ക്കി ആലുശൈഖ് നേരത്തെ അറിയിച്ചിരുന്നു. ഗോള്‍ഡന്‍ ടിക്കറ്റിനുള്ള ലേലം ഈ മാസം 17 വരെ തുടരും. ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണമായും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന് കൈമാറുമെന്ന് തുര്‍ക്കി ആലുശൈഖ് അറിയിച്ചിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം സൗദിയിലെ അന്നസ്ര്‍, അല്‍ഹിലാല്‍ ക്ലബ്ബുകളിലെ മുന്‍നിര കളിക്കാര്‍ ഒരു ടീമായും ലയണല്‍ മെസ്സി അടക്കമുള്ള കളിക്കാര്‍ അണിനിരക്കുന്ന ഫ്രഞ്ച് ക്ലബ്ബ് ആയ പാരീസ് സെന്റ് ജെര്‍മെയ്‌നും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകള്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കകം ടിക്കറ്റ് ആവശ്യം 20 ലക്ഷം കവിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇത്തവണത്തെ റിയാദ് സീസണ്‍ ശീര്‍ഷകമായ സങ്കല്‍പത്തിനും അപ്പുറം എന്ന് പേരിട്ട ഒരു ടിക്കറ്റ് പൊതുലേലത്തില്‍ വില്‍ക്കാനുള്ള തീരുമാനം തുര്‍ക്കി ആലുശൈഖ് അറിയിച്ചത്.
ടിക്കറ്റിന് നിശ്ചയിച്ച കുറഞ്ഞ തുക പത്തു ലക്ഷം റിയാലായിരുന്നു. പ്രമുഖ വ്യവസായി അബ് ദുല്‍ അസീസ് ബഗ്‌ലഫ് 25 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്ത് ടിക്കറ്റ് ലേലത്തിന് തുടക്കം കുറിച്ചു. കളിക്കാരുടെ ഡ്രസ്സിംഗ് റൂമിലേക്കുള്ള പ്രവേശനം, ഇരു ടീമുകളിലെയും കളിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കല്‍, കപ്പ് കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കല്‍, വിജയിക്കുന്ന ടീമിനൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുക്കല്‍, മെസ്സിയേയും റൊണാള്‍ഡോയുമായും നേരിട്ട് കൂടിക്കാഴ്ച നടത്തല്‍ എന്നിവ അടക്കം നിരവധി സവിശേഷതകള്‍ ഗോള്‍ഡന്‍ ടിക്കറ്റ് ഉടമകള്‍ക്ക് ലഭിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)