കോഴിക്കോട് - മുജാഹിദ് സമ്മേളനം പരാജയപ്പെട്ടതിന് സമസ്തയെ പഴിക്കുകയാണ് അവർ ചെയ്തതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയാറുണ്ട്. അതുപോലെയായിപ്പോയി മുജാഹിദ് സമ്മേളനമെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി. കോഴിക്കോട് കടപ്പുറത്ത് നടന്ന സമസ്തയുടെ ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുർവാശിയുടെ പൗരോഹിത്യ കൂട്ടായ്മയാണ് സമസ്തയെന്നാണ് മുജാഹിദുകളുടെ വിമർശം. സമസ്തയുടെ ചട്ടിയിൽ മാത്രമേ പാണക്കാട് തങ്ങന്മാർ കിടക്കൂ എന്ന നിലയിലും അവർ എഴുന്നള്ളിക്കുകയുണ്ടായി. പാണക്കാട് തങ്ങന്മാർ യഥാർത്ഥ ആദർശ സുന്നികളാണ്. അതുകൊണ്ടാണവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്. അതല്ലാതെ, സമസ്ത വിലക്കിയതുകൊണ്ടല്ലെന്നും മുജാഹിദുകളുടെ ആദർശപരമായ പരിപാടിയിൽ തങ്ങൻമാർ പങ്കെടുക്കാറില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മുജാഹിദ് സമ്മേളനം വിജയിക്കാത്തതിന് സമസ്തയെ തെറി പറഞ്ഞിട്ട് കാര്യമില്ല. സമ്മേളനം വിജയിക്കാൻ ആവശ്യമായ പണിയെടുക്കണം. അല്ലാതെ സമസ്തയുടെയും അതിന്റെ ആശയാദർശങ്ങളുടെയും നെഞ്ചത്ത് കയറുകയല്ല വേണ്ടത്.
എല്ലാ കാലത്തും മുസ്‌ലിംകൾ ആചരിക്കുന്ന കാര്യങ്ങൾ നടത്താതെ വേറിട്ടു നടക്കാൻ ശ്രമിച്ചവരാണ് മുജാഹിദുകൾ. അവരോട് അദർശപരമായ വിയോജിപ്പും വിരോധവും മാത്രമേയുള്ളൂ. ഇവരെ സലഫികൾ എന്നു വിളിക്കരുത്. അവരെ വഹാബികൾ എന്നോ മുജാഹിദുകൾ എന്നോ പറയാം. സലഫികളുടെ വഴിയിൽ അല്ല അവരെന്നും അബദ്ധജഡിലമായ ഒരുപാട് വാദം മുജാഹിദുകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിലർ മുജാഹിദ് സമ്മേളനത്തിൽ പോയി അവരാണ് നവോത്ഥാനം ഉണ്ടാക്കിയതെന്ന് പറയും. ഇതേയാളുകൾ തന്നെ നമ്മുടെ സമ്മേളനത്തിൽ വന്ന് തിരിച്ച് നമ്മളെയും പുകഴ്ത്തും. ഇത് ശരിയായ നിലപാടല്ലെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു.
സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
മുജാഹിദ് സമ്മേളനം സമുദായത്തിനും മതനിരപേക്ഷ സമൂഹത്തിനും ഉണ്ടാക്കിയ പരുക്കുകളെ ചികിത്സിക്കാനാണ് സമസ്തയുടെ ഈ സമ്മേളനമെന്ന് സ്വാഗതഭാഷണം നടത്തിയ പണ്ഡിതനും സ്വാഗതസംഘം ജനറൽ കൺവീനറുമായ എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ പറഞ്ഞു.
സമസ്തയെ വെല്ലുന്ന ഒരു നവോത്ഥാനവും ഇവിടെയില്ല. അപഹാസ്യമായ ചില പരിഷ്‌കരണങ്ങളും, സമസ്തയുടെ ശരിയായ പ്രവർത്തനങ്ങൾക്കു വിലങ്ങു വെക്കുകയുമല്ലാതെ മറ്റൊന്നും മുജാഹിദുകൾ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പരിശുദ്ധ ദീനിന്റെ തനതായ സംസ്‌കാരം മാലോകരേ അറിയിക്കാൻ സമസ്തക്കു ബാധ്യതയുണ്ട്. അതാണിവിടെ നിർവഹിക്കുന്നത്. സമസ്തക്കു ബലക്ഷയം സംഭവിച്ചുവെന്നു ചിലർ പറയുന്നു. അത്തരക്കാർ ഇവിടെ വന്ന് എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക, കാണാൻ കഴിയുമെങ്കിൽ ഇവിടെ വന്നു കാണുക എന്നു മാത്രമേ പറയാനുള്ളൂ. അക്ഷരത്തിലും അർത്ഥത്തിലും ഇതൊരു മഹാജനമഹാസമുദ്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.