Sorry, you need to enable JavaScript to visit this website.

പഴയിടത്തിന് പകരം നായാടി വന്നാലും ചോദ്യം ഉന്നയിച്ചുകൊണ്ടേയിരിക്കും- അരുൺ കുമാർ

തിരുവനന്തപുരം- കേരള സ്‌കൂൾ കലോത്സവത്തിലെ പാചക വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഇടതുമാധ്യമ പ്രവർത്തകൻ അരുൺ കുമാർ. പഴയിടം കലോത്സവ ടെൻഡറിൽ പങ്കെടുക്കണമെന്നും പഴയിടത്തിന് പകരം മറ്റൊരാൾ വന്നാലും മെനുവിനെ പറ്റി ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു.
അരുൺകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട പഴയിടം 
അങ്ങ് ഇനിയും കലോൽസവ ടെൻഡറിംഗിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു.  വെജിറ്റേറിയൻ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. നോൺ വെജ് മെനു ആണെങ്കിൽ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും  ടെൻഡർ കൊടുക്കണം. അതൊരു 'ബ്രാൻഡിംഗ് ' ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.
ആശയങ്ങളെ ആളുകളിൽ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാൽ ഹിന്ദുക്കൾക്കെതിരെ എന്ന നരേഷൻ ഫാസിസ്റ്റു യുക്തിയാണ്.  കല സമം വെജിറ്റേറിയൻ എന്ന ശുദ്ധി സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ  ( പിയർ ബോർദ്രുന്റെ ഭാഷയിൽ doxa, ഗ്രാംഷിയുടെ ഭാഷയിൽ  സാമാന്യബോധം) വിമർശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്. 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയിൽ സതി അനുഷ്ഠിച്ചതിൽ നിന്ന്, തൊട്ടുകൂടായ്മയിൽ നിന്ന്, ജാതി അടിമത്തത്തിൽ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യർ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി.
വിജയൻ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം. 

Latest News