കോഴിക്കോട്- കേരളത്തിൽനിന്ന് തീവ്രവാദ സംഘടനകളിലേക്ക് പോയവരെല്ലാം മുജാഹിജ് പ്രസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്ന് സമസ്ത. കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് മറുപടിയായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ആദർശ സമ്മേളനമാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് പോയവർ മുജാഹിദുകളാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായ് പറഞ്ഞു. മുജാഹിദ് സമ്മേളനം കൊണ്ട് എന്ത് നേടിയെന്നും കൂടത്തായ് പറഞ്ഞു. ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ മുജാഹിദ് പ്രസ്ഥാനം എന്താണ് നേടിയത്. വിവിധ രാഷ്ട്രീയക്കാർക്ക് പരസ്പരം പോരടിക്കാൻ വേദിയൊരുക്കി എന്നല്ലാതെ ഒന്നും നേടാനായില്ല. മുജാഹിദ് സമ്മേളനത്തിൽ ആരെ വിളിക്കണം എന്ന് അവർക്ക് തീരുമാനിക്കാം. എന്നാൽ അതിന് പിന്നിലെ അജണ്ട സമൂഹത്തോട് വിളിച്ചു പറയാനുള്ള ബാധ്യത സമസ്തക്കുണ്ട്. മതേതരത്വത്തെ കാക്കുന്നു എന്ന് ബാനറിൽ മാത്രമേയുള്ളൂ. ഇതിന്റെ മറവിൽ ഫാഷിസ്റ്റ് സംഘ്പരിവാർ നേതാക്കൾക്ക് പരവതാനി വിരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മുസ്്‌ലിംകൾ സുരക്ഷിതരാണെന്ന് സംഘ്പരിവാറിനെ സുഖിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങൾ തീവ്രവാദ വിരുദ്ധരാണ് എന്ന് പറയുന്ന സംഘ്പരിവാർ തീവ്രവാദികൾക്ക് സഹായം നൽകുന്ന മുജാഹിദ് സമ്മേളനത്തിൽ എങ്ങിനെയാണ് പങ്കെടുക്കുതന്നതെന്നും നാസർ ഫൈസി ചോദിച്ചു.