Sorry, you need to enable JavaScript to visit this website.

തീവ്രവാദി, പഴയിടം.. കലോൽസവത്തിലെ കല്ലുകടികൾ

കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലത്തിൽ വളരെ പ്രസക്തമായ രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട സംവാദമാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോൽസവത്തെ ശ്രദ്ധേയമാക്കുന്നത്. സംവാദങ്ങൾ എപ്പോഴും സമൂഹത്തെ മുന്നോട്ട ുനയിക്കുന്നതാണ്, അല്ലെങ്കിൽ നയിക്കേണ്ടതാണ്.  അതിനെ ഭയപ്പെടുകയല്ല, മറിച്ച്  ഇടപെട്ട് സജീവമാക്കുകയാണ് പുരോഗമന സമൂഹം ചെയ്യേണ്ടത്. ആ ദിശയിൽ പരിശോധിച്ചാൽ ഇപ്പോഴത്തെ സംവാദങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്നുറപ്പ്. 

കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌കാരം ഉയർത്തുന്ന ചോദ്യങ്ങൾ നിസ്സാരമല്ല. പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണത്. ദൃശ്യാവിഷ്‌കാരത്തിൽ  'തീവ്രവാദിയെ' അവതരിപ്പിച്ചത് എങ്ങനെയാണെന്നതു തന്നെയാണ് പ്രശ്‌നം. ഇന്ത്യൻ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ ശിരോവസ്ത്രമായ 'കഫിയ്യ' ധരിച്ചയാളുടെ വേഷത്തിലാണ് അവതരിപ്പിച്ചത്. തീവ്രവാദി എന്നാൽ മുസ്‌ലിം എന്ന സന്ദേശം തന്നെയാണ് ഒരു സംശയവുമില്ലാതെ ആ സംഗീത ശിൽപം നൽകുന്നത്.  കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയാണ് ഈ സംഗീത ശിൽപം അണിയിച്ചൊരുക്കിയത്. വരികളെഴുതിയത് കമ്യൂണിസ്റ്റുകാരനും ദൃശ്യാവിഷ്‌കാരമൊരുക്കിയത് സംഘപരിവാറുകാരനുമാണത്രേ. എന്തൊരു രസതന്ത്രം എന്നു പറയാതിരിക്കാനാവില്ല. ഇസ്‌ലാമോഫോബിയയുടെ വിഷയത്തിൽ ഇരുകൂട്ടരും ഒന്നിക്കുന്ന രാഷ്ട്രീയ ചിത്രം. 

 

മുഖ്യമന്ത്രിയടക്കമിരുന്ന വേദിയിലാണ് ഈ സംഭവമുണ്ടായതെന്നതാണ് ഏറ്റവും പ്രധാനം. പലരും ചൂണ്ടിക്കാട്ടിയ പോലെ കഴിഞ്ഞ ദിവസം മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ വളരെ പ്രസക്തമായ ചില വാക്കുകളുണ്ട്. അവർ മഴുവുമായെത്തും, കഴുത്ത് കാണിച്ചു കൊടുക്കരുത്, കരുതിയിരിക്കണം എന്നായിരുന്നു അത്. അവർ എന്ന പ്രയോഗത്തിൽ അദ്ദേഹം ഉദ്ദേശിച്ചത് ആരെയാണെന്നത് വ്യക്തമാണല്ലോ. മുഖ്യമന്ത്രി പറഞ്ഞ പോലെ തന്നെ പിറ്റേന്നു അവരെത്തി. അതു പക്ഷേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന, കേരളം മുഴുവൻ ഉറ്റുനോക്കിയിരുന്ന, 14000 ത്തോളം കുട്ടികൾ നേരിട്ടു പങ്കെടുക്കുന്ന വേദിയിലാണെന്നു മാത്രം. ഏതു വിഭാഗത്തെ ശത്രുവായി ചിത്രീകരിച്ചാണോ ഇന്ത്യയിൽ ഫാസിസം ശക്തിപ്പെടുന്നത് അതേ വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് മുഖ്യമന്ത്രിയടക്കമുള്ളവർ നോക്കിയിരുന്നു. ലോക പോലീസ് അമേരിക്കയും അവരുടെ അടുത്ത കൂട്ടുകാർ ഇസ്രായിലും ഇന്ത്യയിലെ സംഘപരിവാറും നിരന്തരം പ്രചരിപ്പിക്കുന്നതു പോലെ തീവ്രവാദികൾ എന്നാൽ മുസ്‌ലിംകൾ 'തന്നെ' എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ കലോത്സവം തുടങ്ങിയത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേരളം സംഘപരിവാറിന് ബാലികേറാമലയാണെന്നു പറയാറുണ്ടല്ലോ. ഇവിടെ നിയമസഭയിലോ ലോക്‌സഭയിലോ ബി.ജെ.പിക്ക് സീറ്റ് കിട്ടുക എളുപ്പമല്ല എന്ന അർത്ഥത്തിൽ അതു ശരിയായിരിക്കാം. എന്നാൽ മലയാളികളുടെ പൊതുവിലുള്ള സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സംഘപരിവാർ രാഷ്ട്രീയവും ഇസ്‌ലാമോഫോബിയയും  അതിശക്തമായി തന്നെ പ്രവർത്തിക്കുന്നു എന്നതാണ് വസ്തുത. രാഷ്ട്രീയക്കാരും എഴുത്തുകാരും സാംസ്‌കാരിക നായകരും സമുദായ സംഘടനകളും സിനിമ സംവിധായകരുമെല്ലാം അതിൽ തങ്ങളുടെ പങ്ക് നിർവഹിക്കുന്നു. പ്രണയത്തിൽ പോലും ജിഹാദ് കാണുന്ന അവസ്ഥയിലേക്ക് പൊതുബോധത്തെ മാറ്റിത്തീർക്കാൻ ഇവർക്കൊക്കെ കഴിഞ്ഞിരിക്കുന്നു. അതിന്റെയെല്ലാം അനിവാര്യമായ ഫലമാണ് കലോത്സവ വേദിയിലുണ്ടായത്. സംഭവം വിവാദമായിട്ടും തെറ്റു പറ്റിയെന്നു പരോക്ഷമായി സമ്മതിക്കുന്ന വിദ്യാഭ്യാസമന്ത്രി കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ ഇതുവരെയും തയാറായിട്ടില്ല എന്നതും കൂട്ടിച്ചേർക്കേണ്ടതുണ്ട്.

കലോൽസവവുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിവാദത്തിലും സമാനമായ ഘടകങ്ങൾ കാണാം. ഉത്സവത്തിലെ ഭക്ഷണമുണ്ടാക്കൽ 16 ാം തവണയും മോഹനൻ പഴയിടത്തിനു കൊടുത്ത നടപടി തന്നെയാണ് രൂക്ഷമായ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിട്ടുള്ളത്. അതിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾ പൊതുവിൽ കാമ്പുള്ളവ തന്നെയാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണിത്. ടെൻഡർ വിളിച്ചിട്ടാണെന്ന മറുപടിയൊക്കെ കാണുന്നുണ്ട്. എന്നാൽ മിക്കപ്പോഴും ഓപൺ ടെൻഡർ വിളിച്ചിട്ടില്ല എന്നതാണ് വസ്തുത. വാസ്തവത്തിൽ വിഷയം സാങ്കേതികമല്ല, രാഷ്ട്രീയമാണ്. പൊതുഖജനാവിൽ നിന്നു വേതനം നൽകുമ്പോഴും ശബരിമലയിൽ (മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും) ശാന്തിക്കാരനായി മലയാളി ബ്രാഹ്മണ പുരുഷൻ തന്നെ വേണമെന്ന തീരുമാനത്തിനു സമാനമാണ് ഇതും. ബ്രാഹ്മണനാണ് വിശുദ്ധനെന്നും അവനുണ്ടാക്കുന്നതാണ് ശുദ്ധമായ ഭക്ഷണമെന്നുമുള്ള ധാരണയല്ലാതെ മറ്റെന്താണ് ഈ അനീതിക്കു പിറകിൽ വർത്തിക്കുന്നത്? അതാകട്ടെ, മനുസ്മൃതി മൂല്യങ്ങളുടെ ബാക്കിപത്രമല്ലാതെ മറ്റെന്താണ്?  ബ്രാഹ്മണ സർവാണി സദ്യ ഒരു ആചാരമായി കാലങ്ങളായി അടിച്ചേൽപിക്കുകയാണ്. 

 

'സത്വ ഗുണമുള്ള ഭക്ഷണങ്ങളുണ്ട്. അത് കഴിക്കുന്നവർക്ക് സാത്വിക സ്വഭാവമുണ്ടാവും! ബ്രാഹ്മണ വർണത്തിന് സാത്വിക സ്വഭാവമാണത്രേ ഉള്ളത്! നൃത്തനൃത്യങ്ങൾ, ശാസ്ത്രീയ സംഗീതം, കഥാരചന, കവിതാരചന എന്നിവ പോലുള്ള കല-സാഹിത്യ പ്രവൃത്തികൾക്കൊക്കെ സത്വ ഗുണമാണ് കൂടുതലായി വേണ്ടത്! അത് വേവിച്ച ധാന്യങ്ങൾ, പയറ് കറി, സാമ്പാറ്,  ചേനപ്പായസം എന്നീ വിഭവങ്ങളിൽ നിന്ന് കിട്ടും. അതാണ് കലാമേളയ്ക്ക് ശാസ്ത്രീയമായി സസ്യാഹാരം മാത്രം വിളമ്പുന്നത്! അടുത്തത് രജോഗുണമുള്ള ഭക്ഷണങ്ങളാണ്. അത് കഴിക്കുന്നവരിൽ രജസ്സ് ഉണരും. ക്ഷത്രിയ സ്വഭാവത്തിന് ചേർന്ന ഭക്ഷണമാണിത്! രജോഗുണമുള്ളവർ യുദ്ധം ചെയ്യും! കായിക മേളകളിൽ മുട്ടയും മാംസവും നൽകുന്നത് അതുകൊണ്ടാണ്!' - പഴയിടത്തിന്റെ വാക്കുകളാണിവ. മലയാളികൾ ഭൂരിപക്ഷം പേരും മാംസം ഭക്ഷിക്കുന്നവരാണല്ലോ. അവർക്കൊന്നും സാത്വിക ഗുണമില്ലെന്നും യുദ്ധം (ആധുനിക കാലത്ത് ഗുണ്ടായിസം) ചെയ്യുന്നവരാണെന്നുമാണ് പഴയിടം പറയുന്നത്. 
ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. ഇസ്‌ലാമോഫോബിയയുടെ വരികളെഴുതിയത് കമ്യൂണിസ്റ്റുകാരനാണെന്ന പോലെ ഈ വിഷയത്തിലും അതിശക്തമായമായ ന്യായീകരണവുമായി എത്തിയിട്ടുള്ളത് പ്രശസ്ത ഇടതുപക്ഷ സാഹിത്യകാരനും പു. ക. സ നേതാവുമാണ് എന്നതാണത്. സാക്ഷാൽ അശോകൻ ചരുവിൽ തന്നെ. ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. സത്യമെന്താണ്? ബ്രാഹ്മണ്യമാണ് വിശുദ്ധം, മഹത്തരം എന്ന മനുസ്മൃതി മൂല്യത്തിനെതിരായിരുന്നു നവോത്ഥാന പോരാട്ടങ്ങളെല്ലാം തന്നെ. ഇപ്പോഴിതാ ആ പോരാട്ടങ്ങൾ മഹത്തരമെന്നു പറയുന്ന പ്രസ്ഥാനത്തിന്റെ വക്താവു തന്നെ അതേ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നു. ബ്രാഹ്മണനുണ്ടാക്കുന്ന ഭക്ഷണമാണ് സാത്വികമെന്ന നിലപാടിൽ നിന്ന് 16 വർഷം നീണ്ടുനിന്ന അനീതിയെയാണ് ഇദ്ദേഹം നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ന്യായീകരിക്കുന്നത്. 
കലോൽസവ ഭക്ഷണത്തിലേക്കു തിരിച്ചുവരാം. മത്സരിക്കലും ജയിക്കലും ബോണസ് മാർക്ക് നേടലും മാത്രമല്ലല്ലോ കലോത്സവം. അത് ഓരോ നാടിനെയും സംസ്‌കാരത്തെയും അറിയൽ കൂടിയാണ്. ആ അറിവിന്റെ പ്രധാന ഘടകമാണ് അവിടത്തെ ഭക്ഷണം. എന്നാൽ കോഴിക്കോട്ട് കലോത്സവം കഴിഞ്ഞു തിരിച്ചുപോകുന്ന കുട്ടികൾക്ക് അതേക്കുറിച്ച് എന്തെങ്കിലും പറയാനാവുമോ? എവിടെ കലോത്സവം നടന്നാലം അവർ ഭക്ഷിക്കുന്നത് ഒരേ ഭക്ഷണം. കോഴിക്കോട്ടെ ഏതെങ്കിലും കാറ്ററിംഗ് സർവവ്വീസിനെയായിരുന്നില്ലേ ഇക്കാര്യം ഏൽപ്പിക്കേണ്ടിയിരുന്നത്. വരും വർഷങ്ങളിലെങ്കിലും ഈ തെറ്റു തിരുത്തുമെന്ന് കരുതാം. 

Latest News