കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തിനും പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിയെയും വിമർശിച്ച മുതിർന്ന മാധ്യമ നിരീക്ഷകനും അധ്യാപകനുമായ ഡോ. അരുൺ കുമാറിനെതിരെ നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്.
അരുൺകുമാർ, എന്തൊരു കഷ്ടമാണിത്. താങ്കളെ പോലുള്ളവർ ഇങ്ങനെ ആവരുതെന്ന് അദേഹം ഫേസ്ബുക്കിൽ ഓർമിപ്പിച്ചു. എത്രയോ മനുഷ്യരുടെ കഠിന പ്രയത്‌നത്തിൽ വളരെ വൃത്തിയായി നടക്കുന്ന കുട്ടികളുടെ കലോത്സവം ജാതിയും ഭക്ഷണവും പറഞ്ഞ് അലമ്പാക്കല്ലേ. ഇതൊരു കലോത്സവമല്ലെ.. ഭക്ഷണോത്സവം അല്ലല്ലോയെന്നും അദേഹം ചോദിച്ചു.
എന്തൊരു കഷ്ടം, തൊട്ടാൽ ജാതി, നോക്കിയാൽ ജാതി, തിന്നാൻ ജാതി, തുപ്പിയാൽ ജാതി, എന്നെ കൊത്തിയാലും, ഒന്നല്ലെ ചോര, നിന്നെ കൊത്തിയാലും ഒന്നല്ലെ ചോര, പിന്നെ ഞാനും നീയും തമ്മിൽ എന്താ വ്യത്യാസം.
വിവിധ സ്‌കൂളിലെ കുട്ടികളുമായി എത്രയോ വർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനല്ല, കുട്ടികളുടെ നാടകവുമായി. കലോത്സവ ചൂര് അനുഭവിച്ചറിയണം. വെജ്, നോൺ വെജ്, ജാതി, പഴയിടം എന്നതൊന്നുമല്ല ചർച്ച ചെയ്യേണ്ടത്. കലോത്സവ മാന്വൽ ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
സ്‌കൂൾ കലോത്സവത്തിൽ വർഷങ്ങളായി വെജിറ്റേറിയൻ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെ അരുൺ കുമാർ വിമർശന വിധേയമാക്കിയിരുന്നു. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൽ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു ഡോ. അരുണിന്റെ വിമർശം.