Sorry, you need to enable JavaScript to visit this website.

ജനങ്ങള്‍ക്ക് സന്തോഷക്കണ്ണീര്‍; ഉത്തരാഖണ്ഡിലെ പൊളിക്കലും കുടിയൊഴിപ്പക്കലും സുപ്രീം കോടതി തടഞ്ഞു

ന്യൂദല്‍ഹി-ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ റെയില്‍വേ ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജില്ലാ ഭരണകൂടത്തിനും റെയില്‍വേക്കും അര്‍ധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ചു കുടിയൊഴിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഡിസംബര്‍ 20ന് ഉത്തരഖണ്ഡ് ഹൈക്കോടതി വിധിച്ചത്. എന്നാല്‍ വിഷയം മനുഷ്യത്വപരമായി കാണണമെന്നാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എ.എസ് ഓക തുടങ്ങിയവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്. അവിടെ താമസിക്കുന്ന കുടുംബങ്ങളില്‍ പലതും 50ഉം 70ഉം വര്‍ഷങ്ങളായി അവിടെത്തന്നെ കഴിയുന്നവരാണ്. ഒറ്റ ആഴ്ച കൊണ്ട് അവരോട് കുടിയൊഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെടാനികില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
    കോവിഡ് കാലത്ത് ഉള്‍പ്പടെ പല പൊതു സ്ഥലങ്ങളില്‍ നിന്നും ചട്ടപ്രകാരം ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. റെയില്‍വൈയുടെ ഭൂമി വികസനത്തിനും അന്തസോടെ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാകേണ്ടതാണ്. ഭൂമിക്ക് മേല്‍ അവിടെ വസിക്കുന്നവര്‍ക്കുള്ള അവകാശം പരിശോധിക്കണം. ഇനി അവകാശം ഇല്ലെങ്കില്‍ തന്നെ അവരില്‍ പലരും വര്‍ഷങ്ങളായി അവിടെ കഴിയുന്നവരാണെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒറ്റ രാത്രി കൊണ്ട് അവരുടെ വേരറുത്ത് കളയാനാകില്ല. റെയില്‍വേയുടെ ആവശ്യത്തിനൊപ്പം തന്നെ ആയിരക്കണക്കിന് ആളുകളെ പുനരധിവസിപ്പിക്കുന്ന കാര്യം കൂടി ഗൗരവമായി പരിഗണിക്കണമെന്ന് ജസ്റ്റീസ് സഞ്ജയ്് കിഷന്‍ കൗള്‍ പറഞ്ഞു. കുടിയൊഴിപ്പിക്കലിന് അര്‍ധ സൈനിക വിഭാഗത്തെ ഉപയോഗിക്കാമെന്ന് ഹൈക്കോടതി വിധി ശരിയല്ലെന്ന് ജസ്റ്റീസ് എ.എസ് ഓകയും പറഞ്ഞു.
    പ്രദേശവാസികളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതിക്കു മുന്നിലുണ്ട്. കുടിയൊഴിപ്പിക്കാനഉള്ള ഉത്തരവിന് മുന്‍പ് ആ ഹര്‍ജി പരിഗണിക്കേണ്ടതായിരുന്നു എന്ന് പ്രധാന പരാതിക്കാരനായ രവിശങ്കര്‍ ജോഷിയുടെ അഭിഭാഷകന്‍ വിപിന്‍ നായര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കാത്‌ഗോദം റെയില്‍വേസ്‌റ്റേഷനില്‍ കാലങ്ങളായി ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയുന്നില്ലെന്നായിരുന്നു റെയില്‍വേക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ റെയില്‍വേ വികസനം നടത്തേണ്ടതുണ്ട്. ഹല്‍ദ്വാനിയിലെ ഭൂമി പൂര്‍ണമായും റെയില്‍വേയുടേതാണ്. ഭൂമിക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതല്ലാതെ പ്രദേശവാസികള്‍ ഇതുവരെ പുനരധിവസിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അവര്‍ വാദിച്ചു.
    അയ്യായിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്ന് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ സിദ്ധാര്‍ഥ് ലൂത്ര, കോളിന്‍ കോണ്‍സാല്‍വസ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ചൂണ്ടിക്കാട്ടി. പൊതു സ്വത്ത് ചട്ടപ്രകാരമുള്ള നടപടികള്‍ കുടുംബങ്ങള്‍ക്കെതിരേ ഇപ്പോഴും അവിടെ നടക്കുന്നുണ്ട്. ദുരിതത്തിലാകുന്ന ആളുകളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി കുടിയൊഴിപ്പിക്കാന്‍ ഉത്തരവിട്ടത്. ഉത്തരാഖണ്ഡിലെ ഈ കൊടും ശൈത്യകാലത്ത് തങ്ങളുടെ കുടുംബങ്ങള്‍ വിട്ട് നിരത്തിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ഭീതിയിലാണ് സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവര്‍ കഴിയുന്നതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
    ഈ ജനങ്ങളൊന്നും തന്നെ വെറും കൈയേറ്റക്കാരല്ലെന്നും അവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഒറ്റ രാത്രി കൊണ്ടൊന്നും ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും ജസ്റ്റീസ് കൗള്‍ വ്യക്തമാക്കി. വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തി വെക്കാനും നിര്‍ദേശിച്ചു. ഹര്‍ജി ഫെബ്രുവരി 17ന് വീണ്ടും പരിഗണിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

Latest News