Sorry, you need to enable JavaScript to visit this website.

സ്വര്‍ണമിശ്രിതം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍-കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി.
വടകര വില്ല്യപള്ളി സ്വദേശികളായ താഴെ മഠത്തില്‍ സമീര്‍ (33), കുയ്യാലില്‍ ഫയാസ് (24) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. രണ്ട് പേരില്‍ നിന്നായി 2.089 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തത്. സമീറില്‍ നിന്നും 1,254 ഗ്രാമും ഫയാസില്‍ നിന്നും 835 ഗ്രാമുമാണ് പരിശോധനയില്‍ പിടികൂടിയത്. സമീറിന് 70,000 രൂപയും ഫയാസിന് 50,000 രൂപയുമാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തത്.

വിനോദ യാത്രയില്‍ കാണാതായ രണ്ട് യുവാക്കളെ ഉള്‍വനത്തില്‍ കണ്ടെത്തി

കോട്ടയം- വിനോദ യാത്രയ്ക്കിടെ കൊടൈക്കനാലില്‍ കാണാതായ രണ്ടു യുവാക്കളെയും കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ സ്വദേശി ഹാഫിസ് (23) കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തി വരുന്നതിനിടയില്‍ ഉള്‍വനത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. 

കാണാതായ സ്ഥലത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ എത്തിയത്. ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നുളള വിനോദയാത്രാ സംഘത്തിനൊപ്പമായിരുന്നു ഇവര്‍ ഡിസംബര്‍ 30ന് കൊടൈക്കനാലെത്തിയത്. ജനുവരി ഒന്നിനാണ് ഇരുവരേയും കാണാതായത്. യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഈരാറ്റുപേട്ട, കൊടൈക്കനാല്‍ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.

വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതി മരിച്ച നിലയില്‍

തിരുവനന്തപുരം- വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്ര (20)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സാന്ദ്ര മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ പുറത്തുനിന്ന് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

Latest News