ന്യൂദല്‍ഹി- വിമാന യാത്രക്കാരും എയര്‍ ഹോസ്റ്റസുമാരും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് കൂടുതല്‍ എയര്‍ ഹോസ്റ്റസുമാര്‍ രംഗത്തുവരുന്നു. വിമാനയാത്രക്കാരുടെ വൃത്തികെട്ട സ്വഭാവമാണ് പല സംഭവങ്ങളിലും എയര്‍ഹോസ്റ്റസുമാര്‍ വിവരിക്കുന്നത്. സെക്‌സ് ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്ന് പറയുന്ന യാത്രക്കാരുണ്ടെന്നും ചിലര്‍ തങ്ങള്‍ക്ക് വേലക്കാരുടെ സ്ഥാനം മാത്രമാണ് നല്‍കുന്നതെന്നും അവര്‍ പറയുന്നു.
അടുത്തിടെ, ഇസ്താംബൂളില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഒരു യാത്രക്കാരനും ക്യാബിന്‍ ക്രൂവും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിന്റെ വൈറല്‍ വീഡിയോ ഇന്ത്യന്‍ യാത്രക്കാരന്റെ വൃത്തികെട്ട വശമാണ് വീണ്ടും മുന്നിലെത്തിച്ചത്. കോപാകുലനായ യാത്രക്കാരനോട് എയര്‍ ഹോസ്റ്റസ് സംസാരിക്കുന്നതാണ് സഹയാത്രികന്‍ ചിത്രീകരിച്ച ക്ലിപ്പിലുള്ളത്. വിമാനത്തില്‍ വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയോളമെത്തിച്ചത്.
എയര്‍ ഹോസ്റ്റസിനെ യാത്രക്കാരന്‍ വേലക്കാരിയെന്ന് വിശേഷിപ്പിച്ചത് പ്രശ്‌നം രൂക്ഷമാക്കുകയുംചെയ്തു.
ഇത്തരം സംഭവങ്ങള്‍ അത്ഭുതപ്പെടുത്തുകയോ ഞെട്ടിക്കുകയോ ചെയ്യുന്നില്ലെന്ന്
12 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഒരു എയര്‍ ഹോസ്റ്റസ് പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് സാധാരണമാണ്. വിമാനത്തിലെ ജോലിക്കാര്‍ തങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന ധാരണയോടെ വരുന്ന യാത്രക്കാരാണ് മര്യാദയില്ലാതെ പെരുമാറുന്നത്. ഇതു പലപ്പോഴും വിമാനങ്ങളില്‍ സംഘര്‍ഷത്തിനു കാരണമാകുന്നു.
സൗജന്യങ്ങള്‍ പ്രതീക്ഷിക്കുന്നവരാണ് യാത്രക്കാര്‍. വിമാനം വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്താല്‍ ചില യാത്രക്കാര്‍ ജോലിക്കാരെ വലിയ സമ്മര്‍ദത്തിലാക്കുന്നു.
അവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ല.സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും. അവധി ദിവസങ്ങളിലും മറ്റും വലിയ സംഘമായി വരുന്നവര്‍ കൂടുതല്‍ അക്രമാസക്തരാകും.
തനിക്ക് എന്തിനും അവകാശമുണ്ടെന്ന നിലയിലാണ് മദ്യപിച്ച് യാത്ര ചെയ്യുന്നവരും ശൗചാലയത്തില്‍ പുകവലിക്കാന്‍ ശ്രമിക്കുന്നവരും പെരുമാറുക. ഇത്തരക്കാര്‍ ജോലിക്കാരുമായി പെട്ടെന്ന് വഴക്കുണ്ടാക്കുക മാത്രമല്ല, ഓവര്‍ഹെഡ് ക്യാബിന്‍ സ്‌പേസ് പോലുള്ള ചെറിയ പ്രശ്‌നത്തില്‍ പോലും സഹയാത്രികരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. വിമാനത്തില്‍ ബോഡ് റേറ്റ് കാര്‍ഡ് തയാറാക്കിയ ഒരു യാത്രക്കാരനെ കുറിച്ചാണ് മുന്‍ എയര്‍ ഹോസ്റ്റസ് അനുസ്മരിക്കുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാവിലെ ദല്‍ഹി- ഭുവനേശ്വര്‍ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളില്‍ സര്‍വീസ് ആരംഭിച്ചതോടെ എല്ലാം സുഗമമായി നടന്നു. പെട്ടെന്ന്, അസ്വസ്ഥത തോന്നിയ ഒരു ക്രൂ അംഗം തന്റെ അടുക്കലാത്തി ഒരു യാത്രക്കാരന്‍ അവള്‍ക്ക് കൈമാറിയ ഒരു കുറിപ്പ് കാണിച്ചു.
വിമാനത്തിലെ ചില വനിതാ ക്രൂ അംഗങ്ങളുടെ പേരുകളായിരുന്നു കുറിപ്പില്‍. യാത്രക്കാരന്‍ അവരുടെ സ്തനങ്ങളുടെയും ഇടുപ്പിന്റെയും വലിപ്പത്തെ അടിസ്ഥാനമാക്കി അവരെ റാങ്ക് ചെയ്തിരിക്കയാണ്. സെക്‌സ് ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ട് യാത്രക്കാരന്‍ തന്റെ ഫോണ്‍ നമ്പറും എഴുതിയിരുന്നു. ഇത് നിങ്ങള്‍ എഴുതിയതാണോ എന്ന് ചോദിച്ചപ്പോള്‍ മിക്ക ആളുകളും ചെയ്യുന്നതുപോലെ നിഷേധിക്കുകയായിരുന്നു. വിമാനം ഇറങ്ങിയാല്‍ അധികാരികളെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ യാത്രക്കാരന്‍ മാപ്പു ചോദിച്ചു. എന്നാല്‍ ഇയാള്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായതിനാല്‍ ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കുകയും വിമാനം ഭുവനേശ്വറില്‍ ലാന്‍ഡ് ചെയ്തയുടന്‍ എയര്‍ലൈന്‍ സെക്യൂരിറ്റിയെയും സിഐഎസ്എഫ് സുരക്ഷയെയും വിളിക്കുകയും ചെയ്തു. അധികൃതര്‍ക്ക് കൈമാറിയ യാത്രക്കാരന് രണ്ടു ദിവസം ജയിലില്‍ കഴിയേണ്ടിവന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)