മുംബൈ- മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തമാക്തനാക്കണമെന്ന മുഖ്യപ്രതിയുടെ ഹരജി ബോംബെ ഹൈക്കോടതി തള്ളി. കേണല്‍ ശ്രീകാന്ത് പുരോഹിതാണ് ഹരജി നല്‍കിയത്. ജസ്റ്റിസുമാരായ എ. എസ്. ഗഡ്കരി, പ്രകാശ് നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ബോംബ് സ്ഫോടനം നടത്തുന്നത് ഔദ്യോഗിക കടമയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ കേണലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സി. ആര്‍. പി. സി 197(2) വകുപ്പ് പ്രകാരം അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. സഫോടനം അദ്ദേഹത്തിന്റെ ചുമതലയുടെ ഭാഗമല്ലാത്തതിനാല്‍ സൈന്യത്തിന്റെ അനുമതി ആവശ്യമില്ലെന്ന് നാഷണല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഏജന്‍സി വാദിച്ചു.
അറസ്റ്റിലായി ഒമ്പത് വര്‍ഷത്തിന് ശേഷം 2017ല്‍ സുപ്രിം കോടതി പുരോഹിതിന് ജാമ്യം അനുവദിച്ചിരുന്നു. 2008 സെപ്തംബര്‍ 29നാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് മേഖലയില്‍ ബോംബ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേസില്‍ സാധ്വി പ്രജ്ഞാ താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.