(വാഴക്കാട്) മലപ്പുറം - ചാലിയാറിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പോസ്റ്റ്‌മോർട്ടം റിപോർട്ട് ലഭിച്ചില്ലെങ്കിലും കുട്ടിയെ കരാട്ടെ പഠിപ്പിച്ചിരുന്ന അധ്യാപകനെതിരേ ആരോപണമുണ്ടെന്നും എന്നാൽ പരാതിയായി ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പെൺകുട്ടി കരാട്ടെ പരീശിലനത്തിന് പോകുന്ന സ്ഥാപനത്തിലെ അധ്യാപകൻ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപകനെതിരേ കുടുംബം പരാതി നല്കാനിരിക്കെയാണ് പെൺകുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പറയുന്നത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തളർന്നതിനാൽ സ്‌കൂളിൽ പോകുന്നതിൽ മുടക്കവുമുണ്ടായി. അധ്യാപകന്റെ മോശം പെരുമാറ്റം വിദ്യാർത്ഥിനി വീട്ടുകാരെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം അധ്യാപകനെ ചോദ്യം ചെയ്തപ്പോൾ തെറ്റു പറ്റിയെന്ന് സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞതായും ബന്ധു പ്രതികരിച്ചു. കുട്ടി പുഴയിൽ ചാടി മരിച്ചതുപോലെയോ, മുങ്ങി മരിച്ച നിലയിലോ ആയിരുന്നില്ല മൃതദേഹമെന്നും പറയുന്നു. കുട്ടി വീട്ടിൽനിന്നും പോകുമ്പോൾ ധരിച്ച മേൽവസ്ത്രവും ഷാളും ഇല്ലായിരുന്നുവെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടി.
കരാട്ടെ പരീശീലനത്തിന് എത്തുന്ന മറ്റ് കുട്ടികളെയും അധ്യാപകൻ പീഡിപ്പിച്ചതായി ആരോപണമുണ്ട്. നേരത്തെ ഇയാൾ പോക്‌സോ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തതായും പറയുന്നു.
പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടു പോകുകയാണെന്നും പോസ്റ്റ്‌മോർട്ടം റിപോർട്ട് ഇതിൽ നിർണായകമാണെന്നും അത് ലഭിച്ചിട്ടില്ലെന്നും വാഴക്കാട് പോലീസ് മലയാളം ന്യൂസിനോട് പറഞ്ഞു. കരാട്ടെ അധ്യാപകനെതിരെയുള്ള ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ രേഖാമൂലം പരാതിയായി ലഭിച്ചിട്ടില്ലെന്നും പോലീസ് പ്രതികരിച്ചു. സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും പോലീസ് പറഞ്ഞു.