ന്യൂഡൽഹി - കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പുനസ്ഥാപിച്ചെങ്കിലും വീണ്ടും പണി കൊടുത്ത് ആദായ നികുതി വകുപ്പ്. കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് 65 കോടി രൂപയാണ് ആദായ നികുതി വകുപ്പ് ഈടാക്കിയത്. നേരത്തെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ തുകയിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഇത്രയും തുക പിടിച്ചെടുത്തത്.
115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. നടപടിക്കെതിരെ ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ പരാതി നൽകിയതായി കോൺഗ്രസ് വ്യക്തമാക്കി. പരാതി പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരാനാണ് ട്രിബ്യൂണൽ നിർദ്ദേശം.
അഞ്ചുവർഷം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നാല് ബാങ്ക് അക്കൗണ്ടുകൾ ഈയിടെ ആദായ നികുതി വകുപ്പ് അറിയിപ്പ് പോലും നൽകാതെ മരവിപ്പിച്ചത്. 210 കോടി രൂപ പിഴ ചുമത്തിയതായും ട്രഷറർ അജയ് മാക്കൻ അറിയിച്ചിരുന്നു.