കോഴിക്കോട് - ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കോടതിയിൽ കീഴടങ്ങി. സി.പി.എം നേതാക്കളായ കേസിലെ പത്താം പ്രതി കെ.കെ കൃഷ്ണൻ, 12-ാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. മാറാട് പ്രത്യേക കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്.
തുടർന്ന് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. അവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും കോടതി നിർദേശിച്ചു. വിചാരണക്കോടതി നേരത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചപ്പോൾ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മാറാട് പ്രത്യേക കോടതി ഇരുവരെയും വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെയുള്ള ഹരജിയിൽ, ഇരുവർക്കുമെതിരേയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി കഴിഞ്ഞദിവസം റദ്ദാക്കിയതിനെ തുടർന്നാണ് ഇരുവരും കോടതിയിൽ കീഴടങ്ങിയത്.
ആംബുലൻസിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലൻസിലെത്തിച്ചത്. സി.പി.എം ഒഞ്ചിയം, പാനൂർ ഏരിയ സെക്രട്ടറിമാർ പ്രതികൾക്കൊപ്പം കോടതിയിലെത്തിയിരുന്നു.
കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26-നാണ് ഹൈക്കോടതി വാദം കേൾക്കുക. അന്ന് ഇരുവരെയും ഹൈക്കോടതിയിൽ ഹാജരാക്കാൻ വിധിന്യായത്തിൽ ആവശ്യപ്പെട്ടിരുന്നു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലും അതിന് പിന്നിലെ ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിലെ ഏഴ് പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചത്. കേസിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിലും ഈ മാസം 26ന് കേരളാ ഹൈക്കോടതി വാദം കേൾക്കും.
കീഴടങ്ങിയ രണ്ടു പ്രതികൾ ഉൾപ്പെടെ ഏഴു പേരുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ഇതിൽ എട്ടാംപ്രതി കെ.സി രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ്, 13-ാം പ്രതി പി.കെ കുഞ്ഞനന്തൻ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചിരുന്നു. കേസിൽ തടവിൽ കഴിയവെ മരിച്ച പി.കെ കുഞ്ഞനനന്തനെ ശിക്ഷിച്ചതും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ള മറ്റ് 22 പേരെ വെറുതെ വിട്ടതും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.