Sorry, you need to enable JavaScript to visit this website.

കോർപ്പറേഷൻ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ച ബി.ജെ.പിക്ക് മറ്റുള്ളവ അനുകൂലമാക്കാനാണോ പ്രയാസം

റിട്ടേണിംഗ് ഓഫീസര്‍ (സി.സി.ടി.വി ചിത്രം)

ന്യൂദൽഹി- ഇന്ത്യയിലെ വോട്ടിംഗ് രീതിയെ പറ്റി ഏറെക്കാലമായി വിവിധ കോണുകളിൽനിന്ന് പരാതി ഉയരുന്നുണ്ട്. വോട്ടിംഗ് മെഷീനുകളിൽ തട്ടിപ്പ് നടത്തി വിജയം കൃത്രിമ വഴികളിലൂടെ സ്വന്തമാക്കുന്നുവെന്ന ആരോപണത്തിന് പുറമെ, വോട്ടിംഗ് മെഷീനുകൾ മാറ്റിയും വിജയം കൊയ്യുന്നുവെന്നാണ് ആരോപണം. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ കാര്യമാണ് ഇന്ന് പഞ്ചാബിലെ ചണ്ഡീഗഡിൽ മേയർ തെരഞ്ഞെടുപ്പിൽ നടന്നത്. 35 പേർ അംഗങ്ങളായുള്ള കോർപ്പറേഷനിൽ ബി.ജെ.പിക്ക് 16 ഉം ആം ആദ്മിക്കും കോൺഗ്രസിനുമായി 19 ഉം അംഗങ്ങളാണുള്ളത്. കോർപ്പറേഷനിലേക്ക് കോൺഗ്രസും ആം ആദ്മിയും യോജിച്ച് സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വിജയം. കോൺഗ്രസിന്റെയും ആം ആദ്മിയുടെയും എട്ടു വോട്ടുകൾ അസാധുവാക്കി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചതോടെ ബി.ജെ.പിക്ക് വിജയം സ്വന്തമായി. അമിത് പാണ്ഡ്യ എന്ന ഉദ്യോഗസ്ഥനാണ് വോട്ടുകൾ അസാധുവാക്കി പ്രഖ്യാപിച്ചത്. ഇദ്ദേഹം ബാലറ്റ് പേപ്പറ്റിൽ പേന ഉപയോഗിച്ച് പ്രത്യേക അടയാളം ഉണ്ടാക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ബാലറ്റ് പേപ്പറിൽ മറ്റു അടയാളങ്ങൾ ചേർത്തുന്നത് വോട്ട് അസാധുവാകാൻ കാരണമാകും. 
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തന്നെ ആകെയുള്ള വിശ്വാസ്യത തകർക്കുന്ന നടപടിയാണ് ഇന്ന് ചണ്ഡീഗഡിൽനിന്നുണ്ടായിരിക്കുന്നതെന്ന് വിവിധ പാർട്ടികൾ ആരോപിച്ചു. ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാമെങ്കിൽ മറ്റു തെരഞ്ഞെടുപ്പുകളെ അനുകൂലമാക്കാനാണോ പ്രയാസമെന്ന് നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ ചോദിച്ചു.
 

Latest News