ജിദ്ദ-സൗദി അറേബ്യയിൽ തൊഴിൽ വിസക്ക് എത്തുന്ന ഭൂരിഭാഗം ആളുകളുടെയും ആവശ്യങ്ങളിലൊന്നാണ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുക എന്നത്. ഡ്രൈവർ വിസയിലെത്തുന്നവർക്ക് പുറമെ, മറ്റു തൊഴിൽ വിസകളിൽ എത്തുന്നവരുടെയും മുൻഗണനാ പട്ടികയിലെ ആദ്യത്തേതാണ് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്. അധികം കടമ്പകളൊന്നുമില്ലാതെ എളുപ്പത്തിൽ സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് നേടാനാകും. സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഏറെ പ്രയാസമാണെന്ന തരത്തിലാണ് ചില കേന്ദ്രങ്ങളുടെ പ്രചാരണം.
സൗദി അറേബ്യയിൽ ലൈസൻസ് സ്വന്തമാക്കുന്നത് സംബന്ധിച്ച് വിശദമാക്കാമോ എന്ന് നിരവധി വായനക്കാരുടെ ആവശ്യം പരിഗണിച്ചാണ് മലയാളം ന്യൂസ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്.
എന്നാൽ, നിയമങ്ങൾ പാലിക്കുകയും ശരിയായ രീതിയിൽ വാഹനം ഓടിക്കാൻ അറിയുകയും ചെയ്യുന്നവർക്ക് വളരെ വേഗത്തിലും എളുപ്പത്തിലും ലൈസൻസ് സ്വന്തമാക്കാം. കഴിഞ്ഞ കുറച്ചു മാസം മുമ്പു വരെ ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടായിരുന്നു അപ്പോയിൻമെന്റ് ലഭിച്ചിരുന്നത്. എന്നാൽ, നിലവിൽ അധികം കാത്തിരിപ്പില്ലാതെ തന്നെ അപ്പോയിൻമെന്റ് ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതായി ഡ്രൈവിംഗ് സ്‌കൂളുകളും സർക്കാർ അനുവദിച്ചിട്ടുണ്ട്.
ലൈസൻസ് ലഭ്യമാകുന്നതിനുള്ള ഘട്ടങ്ങൾ.
സൗദിയിൽ താമസിക്കുന്നവർ(പ്രവാസികൾ)അബ്ഷിർ വഴിയാണ് ലൈസൻസിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കേണ്ടത്. അബ്ഷിറിലെ അപ്പോയിൻമെന്റ് എന്ന സെക്ഷനിൽ പ്രവേശിച്ച ശേഷം ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ സ്വീകരിക്കുന്ന വിൻഡോയിൽ എത്തുക. ഏത് സ്ഥലത്തെ ഡ്രൈവിംഗ് സ്‌കൂളാണ് വേണ്ടത് എങ്കിൽ ആ സ്‌കൂൾ സെലക്ട് ചെയ്യുക. ചില ഘട്ടങ്ങളിൽ ഈ സ്‌കൂളിൽ അപേക്ഷകന് യോജിച്ച സമയം ലഭ്യമല്ലെങ്കിൽ അതേ പ്രവിശ്യയിലെ(സ്ഥലത്തെ)മറ്റു സ്‌കൂളുകൾ കൂടി ചെക്ക് ചെയ്യുക. ഇത് സെലക്ട് ചെയ്ത് ഏത് ദിവസമാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത് എന്ന ഡേറ്റിൽ ക്ലിക്ക് ചെയ്യുക. ഇതനുസരിച്ചുള്ള സമയത്തിൽ അതാത് ഡ്രൈവിംഗ് സ്‌കൂളിൽ എത്തുക. ഇഖാമയുടെ കോപ്പിയും അപ്പോയിൻമെന്റ് ലഭിച്ചതിന്റെ പകർപ്പും കൂടെ കരുതാൻ മറക്കരുത്.
ഡ്രൈവിംഗ് സ്‌കൂളിൽ എത്തി അപ്പോയിൻമെന്റും ഇഖാമയും കൗണ്ടറിൽ കാണിക്കുക. ഡ്രൈവിംഗ് സ്‌കൂളിലെ ഉദ്യോഗസ്ഥർ അപേക്ഷ സ്വീകരിക്കും. തുടർന്ന് ഡ്രൈവിംഗിന്റെ പരിശീലനത്തിനായി അപേക്ഷകൻ ഗ്രൗണ്ടിലെത്തണം. അവിടെ അപേക്ഷകന്റെ ഡ്രൈവിംഗ് സ്‌കിൽ ഉദ്യോഗസ്ഥർ പരിശോധിക്കും. വാഹനം ഓടിക്കുന്നതിലെ കഴിവ് വിലയിരുത്തുന്ന ഘട്ടമാണിത്. ഈ സമയത്ത് ഭയപ്പാടില്ലാതെ നല്ല രീതിയിൽ വാഹനം ഓടിക്കുക. നിലവിൽ സൗദിയിലെ ഭൂരിഭാഗം സ്‌കൂളുകളിലും ഓട്ടോമാറ്റിക് വാഹനങ്ങളാണ് പരിശീലനത്തിനായി നൽകുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും എളുപ്പത്തിൽ വാഹനം ഓടിക്കുകയും ചെയ്യാം.
ഗ്രൗണ്ടിൽ വിവിധ ട്രാക്കുകളുണ്ടാകും. ഇതിന് പുറമെ, കയറ്റം, ഇറക്കം, സിഗ്നൽ, വിവിധ പാർക്കിംഗ് സ്‌പോട്ടുകൾ(റിവേഴ്‌സ് പാർക്കിംഗ്, പാരലൽ പാർക്കിംഗ്, ഡയറക്ട് പാർക്കിംഗ്) എന്നിവയുമുണ്ടാകും. രണ്ടു വരി പാത, സിംഗിൾ പാത, റൗണ്ട് എബൗട്ട്, യു ടേൺ, വളവുകൾ എന്നിവയും ഗ്രൗണ്ടിലുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം എങ്ങിനെയാണ് വാഹനം ഓടിക്കേണ്ടത് എന്ന് ആദ്യം തന്നെ മനസിലാക്കി വെക്കുക. സിഗ്നലുകൾ കൃത്യമായി മനസിലാക്കുക. നിർണ്ണയിച്ച വരകൾക്കപ്പുറം വാഹനം ഒരു കാരണവശാലും പോകാൻ പാടില്ല. റിവേഴ്‌സ്, പാരലൽ, ഡയറക്ട് പാർക്കിംഗുകളും കൃത്യമായി ചെയ്യുക. വാഹനം യഥേഷ്ടം തിരിക്കാനും നിർത്താനുമുള്ള സ്ഥലം ഇവിടെയെല്ലാമുണ്ടാകും. വലിയ പരിശീലനം ഇല്ലാത്തവർക്ക് പോലും ഇത് എളുപ്പത്തിൽ ചെയ്യാനാകും. അതേസമയം, ഭയപ്പാടുണ്ടായിൽ എല്ലാ കണക്കുകളും തെറ്റുകളും പാർക്കിംഗും ഡ്രൈവിംഗും കൃത്യമല്ലാതായിരിക്കുകയും ചെയ്യും.
അപേക്ഷകന്റെ ഡ്രൈവിംഗ് സ്‌കിൽ ഡ്രൈവിംഗ് സ്‌കൂളിലെ ഉദ്യോഗസ്ഥൻ കൃത്യമായി വിലയിരുത്തും. അത് അനുസരിച്ചുള്ള റിപ്പോർട്ട് അദ്ദേഹം അഥോറിറ്റിക്ക് കൈമാറും. എത്ര ദിവസത്തെ ക്ലാസ് വേണം എന്ന് തീരുമാനിക്കുന്നത് ഇവിടെ വെച്ചാണ്. കൃത്യമായി വാഹനം ഓടിച്ചയാൾക്ക് രണ്ടു ദിവസത്തെ ലേണിംഗ് ക്ലാസും ഒരു ദിവസത്തെ പ്രാക്ടിക്കൽ ക്ലാസുമാണ് നൽകുക. വാഹനം ഓടിക്കുന്നതിന്റെ കൃത്യതക്ക് അനുസരിച്ച് ക്ലാസിന്റെ എണ്ണം കൂടും. ഓരോ ക്ലാസിനും അനുസരിച്ചാണ് ഫീസ് അടക്കേണ്ടി വരിക. ഇതനുസരിച്ച് ആദ്യം തന്നെ ഫീസ് അടക്കണം. ശ്രദ്ധിക്കേണ്ട കാര്യം, ഫീസ് നേരിട്ട് പണമായി സ്വീകരിക്കില്ല. ബാങ്ക് കാർഡ് വഴി സൈ്വപ്പ് ചെയ്ത് മാത്രമേ പണം കൗണ്ടറിൽ സ്വീകരിക്കുകയുള്ളൂ. ആയതിനാൽ പണമുള്ള കാർഡ് കൂടെ കരുതുക. സ്വന്തം കാർഡ് തന്നെ വേണമെന്നില്ല.
പണമടച്ചാൽ ലേണിംഗ് ക്ലാസിൽ പങ്കെടുക്കുന്നതിനുള്ള തിയതി ലഭിക്കും. ഇതോടൊപ്പം തന്നെ രജിസ്റ്റർ ചെയ്ത സിമ്മിലേക്ക് എസ്.എം.എസ് വരും. (ഓർക്കുക, വാട്‌സാപ്പിലായിരിക്കില്ല മെസേജ് വരുന്നത്.)ഇതിൽ ഡ്രൈവിംഗ് സ്‌കൂളിന്റെ വെബ്‌സൈറ്റ് അഡ്രസും പാസ്‌വേഡുമുണ്ടായിരിക്കും. ഈ ലിങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. പലരും ഈ എസ്.എം.എസ് കാണാറില്ല. അപേക്ഷകന് അനുവദിക്കപ്പെട്ട സമയം, അപേക്ഷകന്റെ നിലവിലുള്ള സ്റ്റാറ്റസ്, ഓൺലൈൻ പരിശീലനങ്ങൾക്കുള്ള ലിങ്ക്, ലേണിംഗ് ടെസ്റ്റിൽ ലഭിച്ച മാർക്ക്, പ്രായോഗിക പരിശീലനത്തിന്റെ സ്റ്റാറ്റസ് എന്നിവയെല്ലാം ഈ ലിങ്കിലൂടെ അറിയാൻ സാധിക്കും.
ലേണിംഗ് ക്ലാസ് രണ്ടു ദിവസമാണ്. ഇതിൽ നേരിട്ടോ ഓൺലൈനായോ പങ്കെടുക്കാം. രണ്ടു ദിവസത്തെ ക്ലാസിന് ശേഷം ലേണിംഗ് ടെസ്റ്റ് നടക്കും. ലേണിംഗ് ടെസ്റ്റിൽ നേരിട്ട് പങ്കെടുക്കണം. 30 മാർക്കിന്റെ ചോദ്യത്തിൽ 22 ചോദ്യത്തിനും ശരിയുത്തരം നൽകിയെങ്കിൽ മാത്രമേ വിജയിക്കൂ.
ലേണിംഗ് ടെസ്റ്റിന് ശേഷം, വാഹനം ഓടിക്കുന്നതിനുള്ള പരിശീലനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകും. വാഹനം ഓടിക്കേണ്ടത് എങ്ങിനെ, വളവിൽ ശ്രദ്ധിക്കേണ്ട കാര്യം, യു ടേണിലും റൗണ്ട് എബൗട്ടിലും പാലിക്കേണ്ട മുൻഗണനകൾ, സിഗ്നൽ, ഒറ്റയടിക്ക് എങ്ങിനെ റിവേഴ്‌സ്, പാരലൽ, ഡയറക്ട് പാർക്കിംഗുകൾ ചെയ്യാം, വാഹനം ഡ്രൈവ് ചെയ്തു തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി തികച്ചും ശാസ്ത്രീയമായ രീതിയിലുള്ള പരിശീലനമായിരിക്കും പരിശീലനം സിദ്ധിച്ച ജീവനക്കാർ നൽകുന്നത്. ഏകദേശം രണ്ടു മണിക്കൂർ നേരത്തെ ക്ലാസായിരിക്കും. ഇതിന് ശേഷം അടുത്ത ദിവസം പ്രായോഗിക പരീക്ഷക്കുള്ള തിയതി ലഭിക്കും. അനുവദിക്കപ്പെട്ട സമയത്ത് കൃത്യമായി ഡ്രൈവിംഗ് സ്‌കൂളിൽ എത്താൻ ശ്രദ്ധിക്കണം. ഓരോരുത്തർക്കും ഓരോ സമയം ആയിരിക്കും നൽകുന്നത്. ഈ സമയത്തേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെയും അവിടെ ഒരുക്കിയിട്ടുണ്ടാകും. സമയം വൈകിയാൽ പരിശീലനത്തിൽ പ്രയാസം നേരിട്ടേക്കാം.
ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനുള്ള നൈപുണ്യം ഉണ്ടോ എന്ന് പരിശോധിക്കുന്ന ടെസ്റ്റാണിത്. അതുകൊണ്ടു തന്നെ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ച് വാഹനം ഓടിക്കുക. സീറ്റ് ബെൽറ്റ് ധരിക്കുക, മിറർ ശരിയാക്കുക, ഇരിക്കുന്ന പൊസിഷൻ ശരിയാണെന്ന് ഉറപ്പാക്കുക എന്നിവ പ്രധാനമാണ്. അപേക്ഷകന്റെ ഓരോ പെരുമാറ്റവും ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും. ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് വിജയകരമായി വാഹനം ഓടിക്കുന്നവർക്ക് ലൈസൻസ് ഉടനടി അനുവദിക്കും. ഈ ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും പ്രായോഗിക പരിശീലനം നേടേണ്ടി വരും. സാധാരണ ഗതിയിൽ രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. ഇതിന് വേറെ ഫീസ് അടക്കണം. ഇതിന് ശേഷം വീണ്ടും ഫൈനൽ ടെസ്റ്റിന് വിളിക്കും. ആദ്യത്തെ ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും ലേണിംഗ് ടെസ്റ്റ് എടുക്കേണ്ടതില്ല.
ടെസ്റ്റ് പാസായി ലൈസന്‍സ് ലഭിക്കുന്നതിന് മെഡിക്കല്‍ പരിശോധനയും വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാഴ്ച പരിശോധന, രക്തപരിശോധന എന്നിവയാണ് നടത്തുക. ഇത് അതാത് ആശുപത്രികള്‍ തന്നെ ട്രാന്‍സ്പോര്ട്ട് അഥോറിറ്റി അധികൃതര്‍ക്ക് കൈമാറുകയാണ് ഓണ്‍ലൈനിലൂടെ കൈമാറുകയാണ് ചെയ്യുക.
ടെസ്റ്റിൽ വിജയിക്കുന്നവർക്ക് ഏതാനും മിനിറ്റുകൾക്കകം ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കും. ഡ്രൈവിംഗ് സ്‌കൂളിന്റെ കൗണ്ടറിൽ തന്നെ ലൈസൻസ് പ്രിന്റ് ചെയ്ത് നൽകും. അഞ്ച്, പത്തു വർഷത്തേക്ക് ലൈസൻസ് ലഭിക്കും. ഇവയ്ക്ക് വെവ്വേറെയാണ് ഫീസ്. ഓർക്കുക, സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് നേടുക എന്നത് അധികം പ്രയാസമുള്ള ഒന്നല്ല. ക്ഷമയോടെ, നേരായ വഴിയിൽ പോയി ലൈസൻസ് സ്വന്തമാക്കുക.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)