Sorry, you need to enable JavaScript to visit this website.

സൗദിയിലെ പുതിയ തൊഴിൽ കരാർ ഹൗസ് ഡ്രൈവർമാർക്ക് രക്ഷയാകും,മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍

ജിദ്ദ -സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യൽ നിർബന്ധമാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തീരുമാനം മറ്റന്നാൾ മുതലാണ് പ്രാബല്യത്തിൽവരുന്നത്. ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് അല്ല തൊഴിൽ കരാറിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച് തൊഴിലാളിക്ക് തൊഴിൽ പരിരക്ഷയാണ് ഇതുവഴി ലഭ്യമാകുന്നത്. തൊഴിലാളിക്ക് തന്റെ സ്‌പോൺസർ മരണപ്പെടുകയും ജയിലിൽ അകപ്പെടുകയോ ചെയ്താൽ കരാർ കാലം തീരുന്നത് വരെ വേതനം ലഭിക്കും. അതേസമയം,  തൊഴിലാളി ജോലിക്ക് വിസമ്മതിക്കൽ, തൊഴിൽ സ്ഥലത്തുനിന്ന് ഒളിച്ചോടൽ തുടങ്ങിയ സഹചര്യങ്ങളിൽ തൊഴിലുടമക്കും  ഇൻഷുറൻസ് പരിരക്ഷ പ്രകാരം നഷ്ടപരിഹാരം ലഭിക്കും.
 
പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം നടപ്പാക്കുന്നത്. തൊഴിൽ കരാർ ഒപ്പുവെക്കുന്നതു മുതൽ രണ്ടു വർഷത്തേക്ക് ഇൻഷുറൻസ് തുടരും. രണ്ടു കൊല്ലത്തിനു ശേഷം കരാർ ഇൻഷുർ ചെയ്യാനും ചെയ്യാതിരിക്കാനും തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടാകും. 

തൊഴിലാളി ജോലിക്ക് വിസമ്മതിക്കൽ, ഒളിച്ചോടൽ, മരണപ്പെടൽ, ജോലി നിർവഹിക്കാൻ അശക്തനാകൽ, ജോലി നിർവഹിക്കാൻ സാധിക്കാത്ത നിലക്ക് മാറാരോഗങ്ങൾ പിടിപെടൽ എന്നീ സാഹചര്യങ്ങളിൽ റിക്രൂട്ട്‌മെന്റ് ചെലവുകൾക്കുള്ള നഷ്ടപരിഹാരം ഇൻഷുറൻസ് പോളിസി പ്രകാരം തൊഴിലുടമകൾക്ക് ലഭിക്കും. തൊഴിലാളി മരണപ്പെടുന്ന സാഹചര്യങ്ങളിൽ മൃതദേഹവും വ്യക്തിപരമായ വസ്തുക്കളും സ്വദേശത്തേക്ക് അയക്കാനുള്ള ചെലവും ഇൻഷുറൻസ് പോളിസി വഹിക്കും. 

അപകടം കാരണം പൂർണമായോ ഭാഗികമായോ വൈകല്യം സംഭവിക്കൽ, തൊഴിലുടമയുടെ മരണമോ മറ്റോ കാരണം വേതനവും ആനുകൂല്യങ്ങളും ലഭിക്കാതിരിക്കൽ എന്നീ സാഹചര്യങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങളും ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 36.4 ലക്ഷം ഗാർഹിക തൊഴിലാളികളുണ്ട്. ഇക്കൂട്ടത്തിൽ 49.2 ശതമാനം ഹൗസ് ഡ്രൈവർമാരാണ്. സൗദിയിൽ 115 വിദേശ വനിതകൾ അടക്കം 17.9 ലക്ഷം ഹൗസ് ഡ്രൈവർമാരുണ്ട്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News