ബിലാസ്പൂർ- അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുതെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം.
ജനുവരി 22നാണ് ഭരാരി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടികളെയും ഒരുകൂട്ടം ആളുകളെയും കൊണ്ട് ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചത്. ഇതിന് പിന്നാലെ അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ശിവന്‍, രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നുമാണ് ഇദ്ദേഹം പ്രതിജ്ഞ ചൊല്ലിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. രൂപേഷ് ശുക്ലയെന്നയാൾ നൽകിയ പരാതിയിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. അധ്യാപകന്‍ പ്രതിജ്ഞ ചൊല്ലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിമയത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)