Sorry, you need to enable JavaScript to visit this website.

സഹോദരിയുമായി ഫോൺ സംസാരം നീണ്ടു;യുവതിയെ വെടിവെച്ചുകൊന്ന് ഭർത്താവ് പോലീസിൽ കീഴടങ്ങി

ലഖ്‌നൗ-ദീപാവലി ദിനത്തില്‍ സഹോദരിയോട് ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. 45കാരിയായ സുശീല ദേവിയാണ് കൊല്ലപ്പെട്ടത്.

ദല്‍ഹിയിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഭര്‍ത്താവ് ദേവ്പാല്‍ വര്‍മ. ദീപാവലിയായതിനാല്‍ വീട്ടിലെത്തിയതായിരുന്നു. ദീപാവലി പൂജ പൂര്‍ത്തിയാക്കിയ ശേഷം സുശീല സഹോദരിയെ വിളിച്ച് ആശംസകള്‍ അറിയിച്ചെങ്കിലും ഫോണ്‍ സംസാരം ഏറെ നീണ്ടതോടെ ഭര്‍ത്താവ് പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ദേവ്പാല്‍ വര്‍മ റൈഫിള്‍ ഉപയോഗിച്ച് സുശീലയ്ക്ക് നേരെ വെടിയുതിര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.

നെഞ്ചിലും കഴുത്തിലും വെടിയേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.  വര്‍മയെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച റൈഫിള്‍ പിടിച്ചെടുത്തതായും പോലീസ് ഓഫീസര്‍ സുരേന്ദ്രനാഥ് തിവാരി പറഞ്ഞു.

സംഭവസമയം വര്‍മ മദ്യലഹരിയിലായിരുന്നെന്നും മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്ന ഭാര്യയുടെ പെരുമാറ്റത്തില്‍ ഇയാള്‍ക്ക് സംശയമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News