Sorry, you need to enable JavaScript to visit this website.

ഹമാസുമായി ഇസ്രായില്‍ ധാരണ അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്, 70 സ്ത്രീകളേയും കുട്ടികളേയും മോചിപ്പിക്കും

ടെല്‍അവീവ്-എഴുപതോളം സ്ത്രീകളേയും കുട്ടികളേയും വിട്ടയക്കുന്നതിന് ഹമാസുമായി ഇസ്രായില്‍ ഏകദേശ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായില്‍ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പൊതുവായ രൂപരേഖ തയാറായതായും ദിവസങ്ങള്‍ക്കകം പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  
ഇസ്രായിലില്‍ തടവിലാക്കപ്പെട്ട ഫലസ്തീന്‍ സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും പകരമായി ബന്ദികളെ ഗ്രൂപ്പുകളായി വിട്ടയക്കുന്നതിനാണ് ധാരണം.
ഒക്‌ടോബര്‍ 7 ന് ഇസ്രായിലിനകത്ത് ഹമാസ് നടത്തിയ ആക്രമണത്തിലാണ്  240 ഓളം പേരെ ബന്ദികളാക്കിയത്.  
100 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനാണ് ഇസ്രായില്‍ ശ്രമിക്കുന്നതെന്നും 70 പേരെ മോചിപ്പിക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ഇഗ്‌നേഷ്യസിന്റെതായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
ഇസ്രായില്‍ ജയിലുകളില്‍ കുറഞ്ഞത് 120 പലസ്തീനിയന്‍ സ്ത്രീകളും യുവാക്കളും ഉണ്ടെന്നും ബന്ദികള്‍ക്ക് പകരം ഇവരെ മോചിപ്പിക്കാനാകുമെന്നും അറബ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ദികളെ സുരക്ഷിതമായി കടത്തിവിടുന്നതിനും ഗാസയിലുള്ളവര്‍ക്ക് സഹായ പ്രവാഹം അനുവദിക്കുന്നതിനുമായി ഇസ്രായില്‍ അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
തടവുകാരെ കൈമാറുമ്പോള്‍ ഗാസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നുവെന്ന സ്ഥിരീകരണം ലഭിക്കാനാണ് ഇസ്രായില്‍ കാത്തിരിക്കുന്നതെന്നും  സ്ഥിരീകരണ പ്രക്രിയ ഇപ്പോഴും ചര്‍ച്ചയിലാണെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

 

Latest News