പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഗ്രൂപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ സൗകര്യം നല്‍കുന്ന രീതിയിലുള്ളതാണ് പുതിയ ഫീച്ചര്‍. പുതുതായി ആരംഭിച്ച ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കി വരികയാണ്. നിലവില്‍ ഒരു ഗ്രൂപ്പ് കോളിലേക്ക് പുതിയൊരാളെ ആഡ് ചെയ്താല്‍ ആ വ്യക്തിക്ക് സാധാരണ കോളുകള്‍ വരുന്നത് പോലെ റിങ് ലഭിക്കും. ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് വോയിസ് ചാറ്റ് ഫീച്ചര്‍.
വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേയാണ് പുതിയ വോയിസ് ചാറ്റ് ഫീച്ചര്‍. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും. ക്ലബ് ഹൗസിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ക്ലബ്ഹൗസ് ഉപയോഗിച്ചവര്‍ക്ക് വാട്‌സ്ആപ്പിലെ വോയിസ് ചാറ്റ് പുതുമയായി തോന്നില്ല.
പൊതുവേ, വലിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ ഒരേസമയം എന്തെങ്കിലും വിഷയത്തില്‍ പരസ്പരം സംവദിക്കാനായി ഗ്രൂപ്പ് വിഡിയോ കോളുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍, അതില്‍ പങ്കെടുക്കാന്‍ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിന് പരിധിയുണ്ട്. വോയിസ് ചാറ്റ് ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഇതില്‍ മാറ്റമുണ്ടാകും.
സ്‌ലാക്ക്, ഡിസ്‌കോര്‍ഡ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമായ ഗ്രൂപ്പ് കോള്‍ ഫീച്ചറുകള്‍ പോലെയുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് കോളില്‍ ഒരാളെ ആഡ് ചെയ്യുന്നതിന് പകരം വോയിസ് ചാറ്റുകള്‍ തെരഞ്ഞെടുത്താല്‍ ആളുകള്‍ക്ക് വോയിസ് മെസേജുകള്‍ ലഭിക്കും. സുഹൃത്തുക്കളുമായി കോളുകള്‍ വിളിക്കുന്നതിന് പകരം ഉപയോഗിക്കാവുന്ന കമ്മ്യൂണിക്കേഷന്‍ രീതി എന്ന നിലയിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.
വോയിസ് ചാറ്റ് ആരംഭിക്കുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം പോകുമെങ്കിലും കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം. പക്ഷെ, ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമേ ഇതിനു കഴിയൂ.
ചാറ്റിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകുകയും വീണ്ടും തിരിച്ച് കയറുകയും ചെയ്യാം. വോയിസ് ചാറ്റിനിടെ വാട്‌സ്ആപ്പിലെ മറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് തടസമുണ്ടാകില്ല.
33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. 33 അംഗങ്ങളില്‍ താഴെയുള്ള ഗ്രൂപ്പുകള്‍ തല്‍ക്കാലം ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കണം. വോയ്‌സ് ചാറ്റില്‍ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹെഡറില്‍ നിന്നും കോള്‍ ടാബില്‍ നിന്നും വോയ്‌സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകള്‍ കാണാനാകും. വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങളും കാണാം.
വോയിസ് ചാറ്റ് ആരംഭിച്ച വിവരം വാട്‌സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൌണ്ട് വഴിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്.